ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; കാദിമി സന്ദര്‍ശനം മാറ്റി, സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍

ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; കാദിമി സന്ദര്‍ശനം മാറ്റി, സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ രണ്ട് ഭരണാധികാരികള്‍ ആശുപത്രിയില്‍. സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കുവൈത്തിലെ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹുമാണ് ആശുപത്രിയിലുള്ളത്. 2006 മുതല്‍ കുവൈത്തിന്റെ അമീറാണ് ശൈഖ് സബാഹ്. അതേസമയം, 2015 മുതലാണ് സൗദി അറേബ്യയുടെ രാജാവായി സല്‍മാന്‍ അധികാരത്തിലേറിയത്.
രണ്ടു പേര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളാണുള്ളത്. ഗള്‍ഫിലെ കാരണവരായി അറിയപ്പെടുന്ന ഭരണാധികാരികളാണ് ഇരുവരും. രാഷ്ട്ര നേതാക്കള്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് കുവൈത്തിലും സൗദിയിലും സംഭവിച്ച മാറ്റങ്ങള്‍ ഇങ്ങനെ….

തിങ്കളാഴ്ച രാവിലെയാണ് സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യ പരിശോധനയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫില്‍ ഒരാഴ്ചക്കിടെ ആശുപത്രിയിലാകുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് സല്‍മാന്‍ രാജാവ്.

84കാരനായ സല്‍മാന്‍ രാജാവിനെ കിങ് ഫൈസല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പിത്താശയവുമായി ബന്ധപ്പെട്ട അസുഖമാണ് അദ്ദേഹത്തിന് എന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജാവിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ശനിയാഴ്ചയാണ് കുവൈത്ത് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 91കാരനായ കുവൈത്ത് അമീര്‍ ആണ് ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും പ്രായമുള്ള ഭരണാധികാരി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ വിവാദങ്ങളില്‍ പരിഹാരം കാണുന്ന വ്യക്തിയും ശൈഖ് സബാഹ് ആണ്.

കുവൈത്തിലെ ഭരണകാര്യങ്ങളില്‍ അമീറിന് ഇപ്പോള്‍ ഇടപെടാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്ന് കിരീടവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനാണ് താല്‍ക്കാലിക ചുമതല. എണ്ണ വിലയിലെ ഇടിവും കൊറോണയും കാരണം ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിലാണ് രണ്ട് ഭരണാധികാരികള്‍ ആശുപത്രിയിലായിരിക്കുന്നത്.

സൗദി അറേബ്യയില്‍ ഇന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി സന്ദര്‍ശനം നടത്തേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി ഇറാഖില്‍ നിന്നുള്ള പ്രതിനിധികള്‍ ഞായറാഴ്ച സൗദിയിലെത്തിയിരുന്നു. സല്‍മാന്‍ രാജാവ് ആശുപത്രിയിലായതിനെ തുടര്‍ന്ന് കാദിമിയുടെ സന്ദര്‍ശനം മാറ്റി.

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയാണ് മുസ്തഫ അല്‍ കാദിമി. ഇദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ് സൗദിയിലേക്ക് തീരുമാനിച്ചിരുന്നത്. സൗദി രാജാവ് ആശുപത്രിയിലായതോടെ മാറ്റിവച്ചു. രാജാവ് ആശുപത്രിയില്‍ നിന്ന് വന്നാല്‍ കാദിമി സൗദിയിലെത്തുമെന്നാണ് വിവരം.

2015 ലാണ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സൗദിയുടെ രാജാവായത്. അതിന് മുമ്പ് രണ്ടര വര്‍ഷം അദ്ദേഹം സൗദിയുടെ കിരീടവകാശി ആയിരുന്നു. 2012 മുതല്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആയിരുന്നു. റിയാദിന്റെ ഗവര്‍ണറായി 50 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സല്‍മാന്‍.

സഹോദരന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചതിനെ തുടര്‍ന്നാണ് സല്‍മാന്‍ സൗദിയുടെ കിരീടവകാശിയായത്. 2015ല്‍ അബ്ദുല്ല രാജാവ് അന്തരിച്ചതോടെ സൗദിയുടെ രാജാവുമായി. ആലു സൗദിലെ ഏറ്റവും പ്രായമുള്ള വ്യക്തി കൂടിയാണ് സല്‍മാന്‍.

സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയതോടെ സൗദിയില്‍ ഒട്ടേറെ മാറ്റങ്ങളാണ് വന്നത്. യമന്‍ യുദ്ധം തുടങ്ങിയതും വിഷന്‍ 2030 പ്രഖ്യാപിച്ചതും സാമൂഹിക സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതുമെല്ലാം 2015ന് ശേഷമാണ്.

2017ല്‍ സൗദിയില്‍ നടന്ന കൂട്ട അറസ്റ്റ് വലിയ വാര്‍ത്തയായിരുന്നു. ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രമുഖരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നില്‍ അഴിമതി പണം തിരിച്ചുപിടിക്കുക എന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശൈഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നാലാമത്തെ മകനാണ് നിലവിലെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ്. 2006ലാണ് ഇദ്ദേഹം കുവൈത്ത് അമീറായത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഐക്യം, ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ് ശൈഖ് സബാഹ്.

Share this story