ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു, നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു, നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

ദോഹ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്കും സ്ഥിര താമസ വിസയുള്ളവര്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇളവ് വരുത്തുന്നത്. ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ചില ഉപാധികളോടെയാണ് പ്രവേശനം അനുവദിക്കുക.
കടുത്ത നിയന്ത്രണം കാരണം ഒട്ടേറെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരുന്നില്ല. വന്ദേഭാരത് മിഷന്റെ ഭാഗമായി പലരും നാട്ടിലേക്ക് വന്നെങ്കിലും ഇനിയും ഒട്ടേറെ പേര്‍ അവസരം കാത്തിരിക്കുകയാണ്. പുതിയ ഇളവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ…

ആഗസ്റ്റ് ഒന്നു മുതലാണ് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കില്ലെന്നും പകരം ഘട്ടങ്ങളായി എടുത്തുമാറ്റുമെന്നും നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നതിന് സാധിക്കില്ല.

കൊറോണ വൈറസ് രോഗം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറിലേക്ക് പ്രവേശനം നല്‍കുക. പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ വച്ച് കൊറോണ പരിശോധന നടത്തും. ഖത്തറിലെത്തിയാലും പരിശോധനയുണ്ടാകും. ശേഷം ക്വാറന്റൈനില്‍ പ്രവേശിക്കണം. വീടുകളിലാണ് ഒരാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടി വരിക.

ഏഴ് ദിവസത്തിന് ശേഷം വീണ്ടും കൊറോണ പരിശോധന നടത്തും. രോഗമില്ലെന്ന് ഉറപ്പായാല്‍ ക്വാറന്റൈന്‍ മതിയാക്കാം. രോഗ ലക്ഷണം കണ്ടാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്താന്‍ സാധിക്കുമെന്നത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

രാജ്യങ്ങളുടെ പട്ടിക രണ്ടാഴ്ച കൂടുമ്പോള്‍ പുതുക്കും. 40 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ആദ്യത്തില്‍ പുറത്തിറക്കുന്നത് എന്നാണ് വിവരം. ഇതില്‍ ഇന്ത്യയില്ലെന്നാണ് സൂചന. ഏഷ്യ പസഫിക് മേഖലയില്‍ നിന്ന് ചൈന, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളുണ്ട്. യൂറോപ്പില്‍ നിന്ന് ബ്രിട്ടന്‍, ജര്‍മനി, ഗ്രീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുണ്ട്. പശ്ചിമേഷ്യയില്‍ നിന്ന് അല്‍ജീരിയയും തുര്‍ക്കിയും പട്ടികയിലുണ്ട്.

വിദേശികള്‍ അവരുടെ രാജ്യത്ത് നിന്ന് കൊറോണ പരിശോധന നടത്തിയില്ലെങ്കില്‍ ഖത്തറിലെത്തിയാല്‍ ഒരാഴ്ച സ്വന്തം ചെലവില്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. ഏഴ് ദിവസം കഴിഞ്ഞാല്‍ കൊറോണ പരിശോധന നടത്തുകയും വേണം. രോഗമുണ്ടെന്ന് കണ്ടാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. രോഗമില്ലെങ്കില്‍ വീടുകളില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.

ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. നാല് ഘട്ടങ്ങളായിട്ടാണ് ഖത്തര്‍ തുറക്കുക എന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നാംഘട്ടമാണ് ആഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കുന്നത്.

ജൂണ്‍ 15നായിരുന്നു ആദ്യഘട്ടം. കടകളും പാര്‍ക്കുകളും തുറക്കാന്‍ അനുവദിച്ചിരുന്നു. കായിക കേന്ദ്രങ്ങളും തുറന്നു. റസ്റ്ററന്റുകളും ലൈബ്രറികളും തുറക്കാനും അനുമതി നല്‍കി. നാലാംഘട്ടം സപ്തംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുക. കല്യാണം പോലുള്ള വലിയ പരിപാടികള്‍ അന്ന് മുതല്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് ആര്‍ക്കും യാത്ര അനുവദിക്കില്ല. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ എല്ലാ കടകളും അടച്ചിടും. പകല്‍ സമയങ്ങളില്‍ ശക്തമായ പരിശോധന നടക്കും. ഒമാനില്‍ പെരുന്നാളുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും വിപണികള്‍ പ്രവര്‍ത്തിക്കുന്നതും നിരോധിച്ചു.

മുഖാവരണം ധരിക്കാത്തവര്‍ക്ക് പിഴ വന്‍തോതില്‍ ഉയര്‍ത്തി ഒമാന്‍ ഭരണകൂടം കഴിഞ്ഞദിവസം കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. നേരത്തെ മുഖാവരണം ധരിച്ചില്ലെങ്കില്‍ 20 റിയാലാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇത് 100 റിയാലാക്കി ഉയര്‍ത്തിരിക്കുകയാണിപ്പോള്‍.

നേരത്തെ മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടെ രണ്ട് മാസത്തോളം ലോക്ക് ഡൗണിലായിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. ലോക്ക് ഡൗണ്‍ ഇടയ്ക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് രോഗ വ്യാപനം വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം 1500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കാന്‍ കാരണം.

Share this story