ഭാവിയെ രൂപപ്പെടുത്തുന്ന എക്‌സ്‌പോ യു എ ഇയുടെ ഹോപ് സന്ദേശത്തിന് മുതല്‍ക്കൂട്ടാകും: മുഹമ്മദ് അല്‍ ഹാശ്മി

ഭാവിയെ രൂപപ്പെടുത്തുന്ന എക്‌സ്‌പോ യു എ ഇയുടെ ഹോപ് സന്ദേശത്തിന് മുതല്‍ക്കൂട്ടാകും: മുഹമ്മദ് അല്‍ ഹാശ്മി

ദുബൈ: ചൊവ്വാഗ്രഹത്തിലേക്ക് യു എ ഇ കാലെടുത്തുവെച്ച പശ്ചാത്തലത്തില്‍, ഇത് ചരിത്ര നേട്ടമെന്ന അഭിമാനം മാത്രമല്ല നല്‍കുന്നത് മറിച്ച് രാജ്യത്തിന്റെ വിജ്ഞാന സമ്പദ്ഘടനക്കുള്ള സംഭാവന കൂടിയാണെന്ന് ദുബൈ എക്‌സ്‌പോ ചീഫ് ടെക്‌നോളജി ഓഫീസര്‍ മുഹമ്മദ് അല്‍ ഹാശ്മി. ലോകജനത ഒരു വെല്ലുവിളിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ശുഭാപ്തി വിശ്വാസം പകരുന്നതാണ് യു എ ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം സ്ഥാപിതമായി അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഈ വിസ്മയകരമായ നേട്ടങ്ങളുണ്ടാകുന്നത്. പുരോഗതിയുടെ വിസ്മയിപ്പിക്കുന്ന പുതിയ കാലഘട്ടത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. നൂതന സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ രംഗത്തിനും ഊന്നല്‍ നല്‍കി പുതിയ ഘടന യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച് പത്ത് ദിവസത്തിനകമാണ് ഇത്തരമൊരു നേട്ടമുണ്ടാകുന്നത്. ഏറെ ആഗ്രഹങ്ങളുള്ള പുരോഗമനപരമായ യു എ ഇയുടെ ദര്‍ശനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതല്‍ നൂതനമായ സൃഷ്ടിപരമായ മത്സരാധിഷ്ഠിതമായ വിജ്ഞാന സമ്പദ്ഘടനയിലേക്ക് മാറാനുള്ള പ്രതിബദ്ധതയെയും കാണിക്കുന്നു.

രാജ്യം സുവര്‍ണജൂബിലിയെ പുല്‍കുന്ന, മേഖല ആദ്യ ലോക എക്‌സ്‌പോക്ക് വേദിയാകുന്ന 2021 വര്‍ഷത്തിലാണ് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ലോകത്തെ ഇന്ന് കൂടുതല്‍ ഞെരിഞ്ഞമര്‍ത്തുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തേജിപ്പിക്കുന്ന പരിഹാരങ്ങള്‍ക്കുള്ള ശക്തമായ വേദി കൂടിയാകും എക്‌സ്‌പോ. ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള സഹകരണത്തിന്റെയും ശക്തി മുമ്പെത്തേക്കാളുപരി ആവശ്യമായ വ്യത്യസ്തമായ ലോകത്തെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. അതിജീവിക്കാന്‍ മനുഷ്യകുലത്തെ പ്രാപ്തമാക്കുന്നതിന് സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും ഡിജിറ്റല്‍ നൂതനത്വങ്ങളും എത്രമാത്രം ആവശ്യമാണെന്നതാണ് മഹാമാരി നമുക്ക് കാണിച്ചുതരുന്നത്.

തൊഴിലിടം, കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധപ്പെടല്‍, കുട്ടികളുടെ പഠനം, ഷോപ്പിംഗ്, ആരോഗ്യം, വിനോദം എന്നിവയെല്ലാം ഓണ്‍ലൈനില്‍ മാത്രം സാധ്യമായ സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അപ്പോള്‍ കൂടുതല്‍ നൂതനത്വങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അപ്പോഴാണ് മടുപ്പില്ലാതെ പുതിയ അനുഭവങ്ങളിലൂടെ മനുഷ്യകുലത്തിന് മുന്നോട്ട് ഗമിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അല്‍ ഹാശ്മി ചൂണ്ടിക്കാട്ടി.

Share this story