നാല് ഉപരോധ രാജ്യങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവ്യപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ്‌

നാല് ഉപരോധ രാജ്യങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവ്യപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ്‌

ദോഹ: ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും വ്യോമപാതകളില്‍ അനുമതി നിഷേധിക്കുകയും ചെയ്ത നാലു രാജ്യങ്ങള്‍ക്കെതിരെ രാജ്യാന്തര നിക്ഷേപ കേസുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് രംഗത്ത്. സൗദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കെതിരെ അഞ്ച് ബില്യന്‍ ഡോളറിന്റെ നഷ്ടപരിഹാരത്തിനാണ് ഖത്തര്‍ എയര്‍വെയ്‌സ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി നാല് അറബ് രാജ്യങ്ങളും ഖത്തറിനെതിരെ അനധികൃത വ്യോമ, കടല്‍, കര ഉപരോധം തുടരുകയാണ്. ഖത്തര്‍ എയര്‍വേസിനെ തങ്ങളുടെ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനോ വ്യോമാതിര്‍ത്തികള്‍ക്കു മുകളിലൂടെ പറക്കുന്നതിനോ അനുവദിക്കാത്തത് ഉള്‍പ്പെടെ ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ക്ക് പരിഹാരം തേടുകയാണ് കേസിലൂടെ ലക്ഷ്യമാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി നാല് ഉപരോധ രാജ്യങ്ങളിലും ഖത്തര്‍ എയര്‍വേയ്‌സ് ഗണ്യമായ നിക്ഷേപം നടത്തുകയും ലക്ഷക്കണക്കിന് യാത്രക്കാര്‍ സേവനം നല്കുകയും ചെയ്തതായി കേസില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പതിനായിരക്കണക്കിന് ടണ്‍ ചരക്കുകള്‍ ഈ രാജ്യങ്ങളില്‍ നിന്നും പ്രതിവര്‍ഷം ഓരോ രാജ്യങ്ങളിലേക്കും എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

2017 ജൂണ്‍ അഞ്ചു മുതലാണ് നാലു രാജ്യങ്ങളും ഖത്തര്‍ എയര്‍വെയ്‌സിനെ വിലക്കിക്കൊണ്ടുള്ള നടപടികള്‍ ആരംഭിച്ചത്. ഖത്തര്‍ എയര്‍വേയ്സിന്റെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുക, എയര്‍ലൈനിന്റെ നിക്ഷേപങ്ങളുടെ മൂല്യം നശിപ്പിക്കുക, ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള പ്രവര്‍ത്തന ശൃംഖലയ്ക്ക് വ്യാപകമായ നാശനഷ്ടം വരുത്തുക തുടങ്ങിയ ലക്ഷ്യമിട്ടായിരുന്നു ഈ നടപടികളെന്നാണ് എയര്‍ലൈന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഒ ഐ സി നിക്ഷേപ കരാര്‍, അറബ് നിക്ഷേപ കരാര്‍, ഖത്തറും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നീ മൂന്നു വ്യത്യസ്ത ഉടമ്പടികള്‍ക്കു കീഴിലായി നാല് നിക്ഷേപ വ്യവഹാരങ്ങളിലൂടെ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരമാണ് ഖത്തര്‍ എയര്‍വേയ്‌സ് തേടുന്നത്. ഖത്തര്‍ എയര്‍വേയ്സിനെതിരെ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ, ഉപരോധ രാജ്യങ്ങള്‍ കരാറുകള്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ ലംഘിച്ചുവെന്ന് വ്യവഹാര നോട്ടീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപരോധ രാജ്യങ്ങളുടെ നടപടികള്‍ സിവില്‍ ഏവിയേഷന്‍ കണ്‍വന്‍ഷനുകളുടെയും ഒപ്പുവെക്കപ്പെട്ട കരാറുകളുടെയും വ്യക്തവും കൃത്യവുമായ ലംഘനമാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. വ്യോമയാന മേഖലയിലെ നിയമവിരുദ്ധ നടപടികള്‍ക്ക് ഈ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അല്‍ബാകിര്‍ പറഞ്ഞു.

Share this story