കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം യു എ ഇയിലും ആരംഭിച്ചു

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം യു എ ഇയിലും ആരംഭിച്ചു

അബുദാബി: ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യു.എ.ഇയിലും കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.അബുദാബി ഹെല്‍ത്ത് സര്‍വീസ് (സെഹാ) ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം സി.എന്‍.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42ന്റെ നേതൃത്വത്തിലാണ് പരീക്ഷണം.

യു.എ.ഇയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വാക്‌സിന്‍ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോളണ്ടിയറാകാനുള്ള രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുകയാണെന്നും 15,000 ആളുകളില്‍ വരെ പരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

യു.എ.ഇയില്‍ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞു വരുന്നതിനിടെയാണ് ആശ്വാസമേകുന്ന ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

കോവിഡ് വൈറസിനെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ ഭരണകൂടമാണ് നേതൃത്വം നല്‍കുന്നതെന്ന് യു.എ.ഇ ആരോഗ്യ വിഭാഗം അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഷേഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ ഹമീദ് വാക്‌സിന്‍ പരീക്ഷണത്തിനായി സ്വയം സന്നദ്ധനായി മുന്നോട്ട് വന്നിരുന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടി പിന്നിട്ടു. മരണം 6,44,740 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കോവിഡ് പടരുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 75,580 പേര്‍ക്കും ബ്രസീലില്‍ 58,249 പേര്‍ക്കും രോഗം ബാധിച്ചു.

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,066 പേരും ബ്രസീലില്‍ 1,178 പേരും മരിച്ചു. മെക്സിക്കോയിലും ഇന്നലെ 718 പേര്‍ മരിച്ചു.ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്.

Share this story