ഒമാനില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകാന്‍ സാധ്യത

ഒമാനില്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് വൈകാന്‍ സാധ്യത

മസ്‌കറ്റ്: ഒമാനില്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് സൂചന. നിലവില്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആഗസ്റ്റ് അവസാനം വരെ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പി എ സി എ) അറിയിച്ചതോടെയാണിത്.

ആഗസ്റ്റ് അവസാനം വരെ ഷെഡ്യൂള്‍ ചെയ്യാത്തതും പ്രത്യേകം ക്രമീകരിച്ചതുമായ വിമാനങ്ങളുടെ സര്‍വ്വീസ് തുടരും. ഒമാനി വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകുന്നതും കസബ് വിമാനത്താവളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച നിര്‍ദ്ദേശപ്രകാരം സര്‍വ്വീസ് നടത്തണം.

വന്ദേഭാരത് മിഷന്റെ കീഴില്‍ ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ തുടരും. ഇന്ത്യയിലെ പ്രവാസികള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ എന്‍ട്രി പെര്‍മിറ്റ് നേടിയ ശേഷം വന്ദേഭാരത് വിമാനങ്ങളില്‍ മസ്‌കത്തിലെത്താം.

Share this story