വിദേശത്തുള്ള പ്രവാസികളുടെ വിസ ദീര്‍ഘിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി സൗദി ജവാസാത്

വിദേശത്തുള്ള പ്രവാസികളുടെ വിസ ദീര്‍ഘിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി സൗദി ജവാസാത്

റിയാദ്: രാജ്യത്തിന് പുറത്തു കുടുങ്ങിപ്പോയ പ്രവാസികളുടെ എക്‌സിറ്റ്, റി എന്‍ട്രി വിസകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ജനറല്‍ (ജവാസാത്). സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് വിസ സൗജന്യമായി ദീര്‍ഘിപ്പിച്ചത്.

അന്താരാഷ്ട്ര വിമാന സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് എക്‌സിറ്റ്- റി എന്‍ട്രി വിസകളുടെ കാലാവധി അവസാനിച്ച പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ഏകോപനം ചെയ്താണ് ജവാസാത് പ്രക്രിയ പൂര്‍ത്തിയാക്കിയത്.

പ്രവാസികളുടെ കുടുംബങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും എക്‌സിറ്റ്- റി എന്‍ട്രി വിസകളുടെ കാലാവധി നീട്ടിനല്‍കും. ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് രാജ്യത്തിന് പുറത്തായിരിക്കുകയും ബന്ധുക്കളുടെ വിസ ദീര്‍ഘിപ്പിക്കുന്ന കാലയളവ് വരെ ഇദ്ദേഹത്തിന്റെ ഇഖാമക്ക് കാലാവധിയുണ്ടായിരിക്കുകയും വേണം. മാത്രമല്ല, ബന്ധുക്കളുടെ വിസകളുടെ കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിടുകയും ചെയ്യരുത്.

Share this story