യു.എ.ഇ പൊതുമാപ്പ് മൂന്നു മാസത്തേക്ക് നീട്ടി

യു.എ.ഇ പൊതുമാപ്പ് മൂന്നു മാസത്തേക്ക് നീട്ടി

അബുദാബി: ശിക്ഷാ നടപടികളില്ലാതെ അനധികൃത താമസക്കാർക്ക് രാജ്യം വിടുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേക്കു കൂടി നീട്ടി.

മാർച്ച് ഒന്നിനു മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്ക് യു.എ.ഇ വിടാൻ നവംബർ 17 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

യു.എ.ഇ. മെയ് എട്ടിന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം തിങ്കളാഴ്ച അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകർക്ക് പിഴകൂടാതെ രാജ്യം വിടാൻ മൂന്ന് മാസത്തേയ്ക്ക് കൂടി സമയം നൽകിയിരിക്കുന്നത്. മാർച്ച് ഒന്നിന് കാലാവധി അവസാനിച്ച എല്ലാത്തരം വിസകൾക്കും ഉത്തരവ് ബാധകമാണ്.

മാർച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും വിസ റദ്ദാക്കിയവർക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

പൊതുമാപ്പ് ആനുകൂല്യത്തില്‍ രാജ്യംവിടുന്നവർക്ക് പിന്നീട് യു.എ.ഇ.യിലേക്ക് തിരിച്ചു വരുന്നതിന് വിലക്കില്ല.

ദുബായ് വിമാനത്താവളം വഴി മടങ്ങുന്നവർ 48 മണിക്കൂർ മുമ്പ് വിമാനത്താവള ഇമിഗ്രേഷൻ വിഭാഗത്തെ സമീപിക്കണം. ഷാർജ, റാസൽഖൈമ, അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയാണ് മടങ്ങുന്നതെങ്കിൽ ആറു മണിക്കൂർ മുമ്പ് അതാത് വിമാനതാവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറിൽ റിപ്പോട്ട് ചെയ്താല്‍ മതി. വിശദവിവരങ്ങള്‍ക്ക് 800-453 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Share this story