ഇറാനെതിരായ ഉപരോധം എടുത്തുകളയുന്നത്  സംഘർഷം രൂക്ഷമാക്കും: സൗദി

ഇറാനെതിരായ ഉപരോധം എടുത്തുകളയുന്നത്  സംഘർഷം രൂക്ഷമാക്കും: സൗദി

നിയോം സിറ്റി: ഇറാനെതിരായ ആയുധ ഉപരോധം എടുത്തുകളയുന്നത് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ നിയോം സിറ്റിയിൽ ചേർന്ന മന്ത്രിസഭാ യോഗം ആഗോള സമൂഹത്തിന് മുന്നറിയിപ്പ് നൽകി. മേഖലയിൽ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽനിന്ന് ഇറാന് കൂച്ചുവിലങ്ങിടുന്നതിന് സഹായകമായ ഏതു നടപടികളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

ആരോഗ്യ പ്രതിരോധ, മുൻകരുതൽ നടപടികളെല്ലാം കണിശമായി പാലിച്ച് സുരക്ഷിതമായി ഹജ് കർമം നിർവഹിക്കപ്പെട്ടതിലും ഹജ് തീർഥാടകരുടെ എണ്ണം കുറക്കാനുള്ള തീരുമാനത്തെ ആഗോള മുസ്‌ലിംകളും ആഗോള സംഘടനകളും സ്ഥാപനങ്ങളും സ്വാഗതം ചെയ്തതിലും മന്ത്രിസഭാ യോഗം അഭിനന്ദനം അറിയിച്ചു. ഏതു സാഹചര്യങ്ങളിലും ഹജ് കർമം നടത്താനുള്ള സൗദി അറേബ്യയുടെ ശേഷിയാണ് ഇത് വ്യക്തമാക്കുന്നത്. ഇസ്‌ലാമിനും ലോക മുസ്‌ലിംകൾക്കും സേവനങ്ങൾ നൽകുന്ന കാര്യത്തിൽ ഏതു സാഹചര്യത്തിലും സ്തുത്യർഹമായി പ്രവർത്തിക്കാനുള്ള സൗദി അറേബ്യയുടെ കഴിവിനുള്ള തെളിവാണിത്.

സൗദിയിലും ആഗോള തലത്തിലും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ മന്ത്രിസഭാ യോഗം വിശകലനം ചെയ്തു. ബെയ്‌റൂത്ത് തുറമുഖത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തിനു പിന്നാലെ ദുരിതമകറ്റാൻ ലബനോന് സഹായങ്ങൾ നൽകാനും ലബനോനികൾക്കൊപ്പം നിലയുറപ്പിക്കാനുമുള്ള സൽമാൻ രാജാവിന്റെ നിർദേശത്തെ മന്ത്രിസഭാ യോഗം പ്രശംസിച്ചു. യെമനിൽ സുരക്ഷാ ഭദ്രതയും സമാധാനവുമുണ്ടാക്കാനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുമെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു. യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ ഇടക്കാല സമിതിയും തമ്മിൽ റിയാദിൽ വെച്ച് ഒപ്പുവെച്ച സമാധാന കരാർ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള കർമ പദ്ധതി സൗദി അറേബ്യ മുന്നോട്ടുവെച്ചത്, 2019 നവംബറിൽ ഒപ്പുവെച്ച റിയാദ് കരാർ സൗദി അറേബ്യ മുറുകെ പിടിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. യെമനിൽ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കാനുള്ള ഏറ്റവും മികച്ച പോംവഴിയാണ് റിയാദ് കരാറെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.

Share this story