കുവൈറ്റ് പാര്‍ലമെന്റില്‍ എം പിമാര്‍ തമ്മില്‍ വാക്കേറ്റം

കുവൈറ്റ് പാര്‍ലമെന്റില്‍ എം പിമാര്‍ തമ്മില്‍ വാക്കേറ്റം

കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റില്‍ എം.പിമാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. എം.പിമാരായ രിയാദ് അല്‍അദ്‌സാനിയും മുഹമ്മദ് അല്‍മുതൈറുമാണ് പരസ്പരം തെറിവിളിച്ചും പാര്‍ലമെന്റില്‍ നിന്ന് പുറത്തുപോകാന്‍ ആജ്ഞാപിച്ചും സഭക്ക് നാണക്കേടുണ്ടാക്കിയത്. മറ്റു എം.പിമാര്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ചെയ്തില്ല. ഏറെ നേരം ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും തെറിവിളിക്കുകയും ചെയ്തു.

ഇസ്രായില്‍ ബഹിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് വിലക്കാനും വ്യവസ്ഥ ചെയ്യുന്ന പുതിയ കരടു നിയമങ്ങള്‍ പാര്‍ലമെന്റിലെ ബന്ധപ്പെട്ട കമ്മിറ്റികള്‍ എത്രയും വേഗം പരിശോധിച്ച് തീര്‍പ്പ് കല്‍പിച്ച് പാര്‍ലമെന്റിന്റെ പൊതുസഭക്കു മുന്നില്‍ ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിലൂടെ പാസാക്കുന്നതിനും സമര്‍പ്പിക്കണമെന്ന അപേക്ഷയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രണ്ടു എം.പിമാരും പരസ്പരം ഏറ്റുമുട്ടിയത്.

അപേക്ഷ എത്രയും വേഗം അംഗീകരിക്കണമെന്ന ആവശ്യത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രിയാദ് അല്‍അദ്‌സാനിയും മുഹമ്മദ് അല്‍മുതൈറും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. ഇസ്രായില്‍ ബഹിഷ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് വിലക്കാനും വ്യവസ്ഥ ചെയ്യുന്ന പുതിയ കരടു നിയമങ്ങള്‍ പാര്‍ലമെന്റിലെ ബന്ധപ്പെട്ട കമ്മിറ്റികള്‍ എത്രയും വേഗം പരിശോധിച്ച് പാര്‍ലമെന്റിന്റെ പൊതുസഭക്കു മുന്നില്‍ ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിലൂടെ പാസാക്കുന്നതിനും സമര്‍പ്പിക്കണമെന്ന അപേക്ഷ എം.പി മുഹമ്മദ് അല്‍ദലാലാണ് സമര്‍പ്പിച്ചത്. ഇതില്‍ പതിനെട്ടു എം.പിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Share this story