അറബ് സമാധാന പദ്ധതിയില്‍ ഉറച്ച് സൗദി അറേബ്യ

അറബ് സമാധാന പദ്ധതിയില്‍ ഉറച്ച് സൗദി അറേബ്യ

റിയാദ്: പശ്ചിമേഷ്യന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് അറബ് സമാധാന പദ്ധതി പാലിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ജര്‍മന്‍ വിദേശ മന്ത്രി ഹൈകോ മാസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഇസ്രായിലിന്റെ ഏകപക്ഷീയമായ നടപടികള്‍ സമാധാന ശ്രമങ്ങള്‍ക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു.

ഹൂത്തി മിലീഷ്യകള്‍ക്ക് ഇറാന്‍ ആയുധം നല്‍കുകയാണ്. ഇറാനെതിരായ ആയുധ ഉപരോധം ദീര്‍ഘിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ജര്‍മന്‍ വിദേശ മന്ത്രിയുമായി താന്‍ ചര്‍ച്ച ചെയ്തതായും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യു.എ.ഇയും ഇസ്രായിലും കരാറിലെത്തിയ ശേഷം ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുടെ ആദ്യ ഔദ്യോഗിക നിലപാടാണ് വിദേശ മന്ത്രി വെളിപ്പെടുത്തിയത്. ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ കാലാകാലമായി പിന്തുടരുന്ന നിലപാടില്‍ ഒരുവിധ മാറ്റവുമില്ലെന്നും അറബ് സമാധാന പദ്ധതി പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് വിദേശ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യു.എ.ഇ, ഇസ്രായില്‍ ബന്ധത്തെ ബഹ്‌റൈനും ഒമാനും ഈജിപ്തും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിലുള്ള നിലപാടില്‍ ഒരുവിധ മാറ്റവും വരുത്തില്ല എന്ന് സൗദി വിദേശ മന്ത്രി അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയത് പുതിയ സാഹചര്യത്തില്‍ ഏറെ പ്രധാനമാണ്. യു.എ.ഇ, ഇസ്രായില്‍ സമാധാന കരാറിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും സൗദി നിലപാട് ഉറ്റുനോക്കുകയായിരുന്നു.

സൗദി അറേബ്യ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്. 1967 ല്‍ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളില്‍നിന്നും പിന്‍വാങ്ങുന്നതിനും ഫലസ്തീന്‍ അഭയാര്‍ഥികളെ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിനും പകരം ഇസ്രായിലുമായി മുഴുവന്‍ അറബ് രാജ്യങ്ങളും പൂര്‍ണ തോതിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് 2002 ബെയ്‌റൂത്ത് അറബ് ഉച്ചകോടിയില്‍ അബ്ദുല്ല രാജാവ് അവതരിപ്പിച്ച സമാധാന പദ്ധതി വ്യക്തമാക്കുന്നു. ഈ പദ്ധതി ഉച്ചകോടി ഒറ്റക്കെട്ടായി അംഗീകരിച്ചതിനാല്‍ അറബ് സമാധാന പദ്ധതിയെന്ന പേരില്‍ പിന്നീട് അറിയപ്പെടുകയായിരുന്നു.

Share this story