സൗദിയിൽ അറസ്റ്റ് നിർബന്ധമാക്കുന്ന 25 കുറ്റകൃത്യങ്ങൾ നിർണയിച്ചു

സൗദിയിൽ അറസ്റ്റ് നിർബന്ധമാക്കുന്ന 25 കുറ്റകൃത്യങ്ങൾ നിർണയിച്ചു

റിയാദ്: അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങൾ കൃത്യമായി നിർണയിച്ച് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടു. സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ ഭീഷണിയായ പ്രധാന കുറ്റകൃത്യങ്ങൾ ഉത്തരവ് നിർണയിക്കുകയും സ്വകാര്യ, പൊതുഅവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. ആകെ ഇരുപത്തിയഞ്ച് കുറ്റകൃത്യങ്ങളാണ് അറസ്റ്റ് നിർബന്ധമാക്കുന്നതായി അറ്റോർണി ജനറൽ നിർണയിച്ചിരിക്കുന്നത്.

വധശിക്ഷയോ അംഗവിഛേദങ്ങളോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ, കരുതിക്കൂട്ടിയുള്ള കൊലപാതകം, ദേശീയ സുരക്ഷക്ക് കോട്ടം തട്ടിക്കുന്ന കുറ്റകൃത്യങ്ങൾ, മൂന്നു വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകകൃത്യങ്ങൾ, അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യമായി നിയമം പ്രത്യേകം അനുശാസിക്കുന്ന കുറ്റകൃത്യങ്ങൾ, വണ്ടിച്ചെക്ക് കേസുകൾ എന്നീ കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യൽ നിർബന്ധമാണ്.

പൊതുമുതലും പൊതുസ്ഥാപനങ്ങൾ, സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ മുതലുകളും വെട്ടിപ്പ് നടത്തുന്നവരെയും, വെട്ടിപ്പ് നടത്തിയ പണം തിരികെ നൽകാത്ത പക്ഷം അറസ്റ്റ് ചെയ്യൽ നിർബന്ധമാണ്. ഇരുപതിനായിരം റിയാലിൽ കൂടുതൽ തുകയുടെ സാമ്പത്തിക തട്ടിപ്പ്, അംഗ വൈകല്യം സംഭവിക്കുന്ന നിലക്കോ ഭേദമാകാൻ 21 ദിവസത്തിൽ കൂടുതൽ വേണ്ടി വരുന്ന പരിക്ക് സംഭവിക്കുന്ന നിലക്കോ ഉള്ള കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളിലെ കേസുകളിലെ പ്രതികളെയും അറസ്റ്റ് ചെയ്യും. ഇത്തരം കേസുകളിൽ സ്വകാര്യ അവകാശ കേസ് കക്ഷികളായ, ആക്രമണങ്ങൾക്കിരയാകുന്നവർ മാപ്പ് നൽകുന്ന പക്ഷം പ്രതികളെ അറസ്റ്റ് ചെയ്യില്ല. ഇരുപതിനായിരം റിയാലിലേറെ തുകയുടെ നഷ്ടമുണ്ടാക്കുന്ന നിലക്ക് പൊതു, സ്വകാര്യ മുതലുകൾ നശിപ്പിക്കുന്ന കേസുകളിലെ പ്രതികളെയും അറസ്റ്റ് ചെയ്യും. ഇത്തരം കേസുകളിലും നഷ്ടപരിഹാരം നൽകുകയോ നഷ്ടം നേരിട്ട വ്യക്തി മാപ്പ് നൽകുകയോ ചെയ്താൽ പ്രതികളെ അറസ്റ്റ് ചെയ്യില്ല.
മാതാപിതാക്കൾക്കെതിരായ കൈയേറ്റവും അറസ്റ്റ് നിർബന്ധമാക്കുന്ന കുറ്റകൃത്യമാണ്. മാതാപിതാക്കൾ മാപ്പ് നൽകിയാൽ അറസ്റ്റ് ഒഴിവാക്കും. ആക്രമിക്കാനോ മോഷണം നടത്താനോ വീടുകളിൽ അതിക്രമിച്ചു കയറലും അറസ്റ്റ് നിർബന്ധമാക്കുന്ന കുറ്റകൃത്യമാണ്. മോഷണം, കൊള്ള, വാഹന മോഷണം, പെൺവാണിഭം, മദ്യനിർമാണം-വിൽപന-കടത്ത്-കച്ചവട ലക്ഷ്യത്തോടെ മദ്യം കൈവശം വെക്കൽ, ഖാത്ത് കടത്ത്-കൃഷി എന്നീ കുറ്റകൃത്യങ്ങളും അറസ്റ്റ് നിർബന്ധമാക്കുന്നു.

മരണത്തിനോ അംഗവൈകല്യത്തിനോ ഇടയാക്കുന്ന നിലക്കും ഭേദമാകാൻ 21 ദിവസത്തിൽ കൂടുതൽ കാലമെടുക്കുന്ന നിലക്കുള്ള പരിക്കുകൾക്ക് ഇടയാക്കും വിധവും മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അഭ്യാസ പ്രകടനത്തിനിടെ അപകടമുണ്ടാക്കൽ, എതിർ ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ, റെഡ് സിഗ്നൽ കട്ട് ചെയ്ത് അപകടമുണ്ടാക്കൽ, അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നിവയും അറസ്റ്റ് നിർബന്ധമാക്കുന്നു.
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കരുതിക്കൂട്ടി ആക്രമിക്കൽ-ഔദ്യോഗിക വാഹനത്തിനും ഉദ്യോഗസ്ഥൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തൽ, പൊതുസ്ഥലങ്ങളിലും ആഘോഷ ചടങ്ങുകൾക്കിടെയും വെടിവെപ്പ് നടത്തൽ, ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ വെടിവെപ്പ് നടത്തൽ-ആയുധം ചൂണ്ടൽ, ബ്ലാക്‌മെയിലിംഗ്, തട്ടിക്കൊണ്ടുപോകൽ-ബന്ദിയാക്കൽ, മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാകുന്ന നിലക്ക് വ്യാജ ഉൽപന്നങ്ങൾ നിർമിക്കലും വാണിജ്യ വഞ്ചന നടത്തലും എന്നിവയും അറസ്റ്റ് നിർബന്ധമാക്കുന്ന കുറ്റകൃത്യങ്ങളായി അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവ് നിർണയിക്കുന്നു.

അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങൾ കൃത്യമായി നിർണയിക്കുകയും അറസ്റ്റ് ആവശ്യപ്പെടുന്ന കുറ്റകൃത്യങ്ങൾ കുറക്കുകയും ചെയ്ത് അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിനെ സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. അവാദ് അൽഅവാദ് സ്വാഗതം ചെയ്തു. അറസ്റ്റിൽ കഴിയുന്ന പ്രതികളുടെ എണ്ണം കുറക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഡോ. അവാദ് അൽഅവാദ് പറഞ്ഞു.

Share this story