ബിനാമി തടയാൻ പരിശോധന ശക്തമാക്കും; നിയമം പരിഷ്കരിച്ച് സൗദി

ബിനാമി തടയാൻ പരിശോധന ശക്തമാക്കും; നിയമം പരിഷ്കരിച്ച് സൗദി

റിയാദ്: സ്വദേശികളെ മുന്നിൽനിർത്തി അനധികൃതമായി വിദേശികൾ നടത്തുന്ന ബിനാമി വ്യാപാരത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് നിയമം പരിഷ്‌കരിച്ച് സൗദി അറേബ്യ. ബിനാമി വിരുദ്ധ നിയമത്തിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.

ഇതുപ്രകാരം ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോടെ ബിനാമി നിയമലംഘനം അന്വേഷിക്കാൻ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ വാണിജ്യ മന്ത്രിയാണ് നിയമിക്കുക.
വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം, സക്കാത്ത് ഇൻകം ടാക്‌സ് അതോറിറ്റി എന്നീ വകുപ്പുകളിൽനിന്ന് തെരഞ്ഞെടുക്കുന്ന പ്രതിനിധി സംഘമാണ് ഇനി മുതൽ ബിനാമി കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടത്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പുതിയ ബിനാമി വിരുദ്ധ നിയമം ആവശ്യപ്പെടുന്നു. ഇ-എവിഡൻസുകൾ ശേഖരിക്കും.

എല്ലാ സമയത്തും പരിശോധന നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിഷ്‌കരിച്ച ബിനാമി വിരുദ്ധ നിയമം അധികാരം നൽകുന്നു. സംശയാസ്പദമായ സ്ഥലങ്ങൾ, ഓഫീസുകൾ, വെയർ ഹൗസുകൾ, വാഹനങ്ങൾ എന്നിവയിൽ തിരച്ചിൽ നടത്താനും അവിടുത്തെ രേഖകളും നിരീക്ഷണ ക്യാമറകളും പരിശോധനക്ക് വിധേയമാക്കാനും ഇവർക്ക് അധികാരമുണ്ടാകും.

നിയമലംഘനം സംബന്ധിച്ച് അറിയുന്നവരെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് അവകാശമുണ്ട്. ആവശ്യമെങ്കിൽ ഇവർക്ക് പോലീസിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെയും സഹായം തേടുകയും ചെയ്യാം.
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, രേഖകൾ, ഡാറ്റ എന്നിവ വെളിപ്പെടുത്താനോ പരസ്യപ്പെടുത്താനോ അനുവാദമില്ലാത്തതിനാൽ അന്വേഷണ നടപടിക്രമങ്ങൾ രഹസ്യമായാണ് പൂർത്തിയാക്കേണ്ടത്. ദേശീയ വരുമാന സ്രോതസ്സിന് വെല്ലുവിളിയായ ബിനാമി വ്യവസായത്തിന് തടയിടുന്നതിനും നിഴൽ സമ്പദ്വ്യവസ്ഥയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ സംവിധാനമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
ബിനാമി വ്യവസായത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ കർശനമായ ശിക്ഷയാണ് കുറ്റവാളികളെ കാത്തിരിക്കുന്നത്. അഞ്ച് വർഷം വരെ ജയിൽവാസവും 25 ലക്ഷം റിയാൽ പിഴയും ഒടുക്കേണ്ടിവരും.

അനധികൃത സമ്പാദ്യം പിടിച്ചെടുക്കുകയും വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുകയും അഞ്ച് വർഷത്തേക്ക് ഏതെങ്കിലും സാമ്പത്തിക പ്രവർത്തനം നടത്തുന്നതിൽ നിന്ന് പ്രതികളെ വിലക്കുകയും ചെയ്യും. കുറ്റകൃത്യത്തിൽ ഏർപ്പെട്ട വിദേശികളെ സൗദിയിൽനിന്ന് നാടുകടത്തുക, ജോലിയിലേക്ക് മടങ്ങാൻ അനുവദിക്കാതിരിക്കുക എന്നിവയും ബിനാമി വിരുദ്ധ നിയമാവലിയിൽ വ്യക്തമാക്കുന്നു.

Share this story