സൗദിയിൽ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ വ്യവസ്ഥകള്‍ ലഘൂകരിച്ചു

സൗദിയിൽ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ വ്യവസ്ഥകള്‍ ലഘൂകരിച്ചു

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ വ്യവസ്ഥകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം താല്‍ക്കാലികമായി ലഘൂകരിച്ചു. സൗദി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ മാസാവസാനം മുതല്‍ ഇത് നിലവില്‍ വന്നു. ഒക്‌ടോബര്‍ അവസാനം വരെ ഇളവുകള്‍ തുടരും.

സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഇളംപച്ച വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങളുടെ പേരിലേക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമെന്നതാണ് ഇളവുകളില്‍ ഏറ്റവും പ്രധാനം. ഇതുവരെ ഇളം പച്ച വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിച്ചിരുന്നില്ല. ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം പാലിച്ച ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങളിലേക്കു മാത്രമാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിച്ചിരുന്നത്.

വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിലൂടെ സ്ഥാപനങ്ങളില്‍ ഇളം പച്ചയില്‍ നിന്നും താഴേക്ക് പോകാന്‍ പാടില്ലെന്ന് വ്യസ്ഥയുണ്ട്. പുതിയ ഇളവ് പ്രഖ്യാപിച്ച സമയത്തെ അപേക്ഷിച്ച് സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണം കുറയുന്നതിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നയിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

Share this story