താമസരേഖ മൂന്നു മാസത്തേക്ക് കൂടി നീട്ടി കുവൈറ്റ്

താമസരേഖ മൂന്നു മാസത്തേക്ക് കൂടി നീട്ടി കുവൈറ്റ്

കുവൈറ്റ് സിറ്റി: വിസാ കാലാവധി അവസാനിച്ച വിദേശികളുടെ താമസരേഖ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വീണ്ടും നീട്ടി. സെപ്തംബര്‍ ഒന്നു മുതല്‍ മൂന്നു മാസത്തേക്കാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ താമസരേഖ നീട്ടി നല്‍കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി എക്സ്റ്റന്‍ഷന്‍ നടപ്പാകും. റെസിഡന്‍ഷ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തിരക്ക് ഒഴിവാക്കാനാണ് നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്.

എക്സറ്റന്‍ഷന്‍ ലഭിക്കുന്ന വിസകള്‍ പിന്നീട് താമസരേഖയാക്കി മാറ്റാന്‍ കഴിയില്ല. ജനസംഖ്യപരമായ അസുന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിസാ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.

60 വയസു കഴിഞ്ഞവര്‍ക്കും അടുത്ത വര്‍ഷം മുതല്‍ വിസ പുതുക്കാനാവില്ല. ഹയര്‍സെക്കന്‍ഡറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായ 97,612 വിദേശികളുടെ വിസയും ഇനി പുതുക്കാന്‍ കഴിയില്ല. 60 വയസ് കഴിഞ്ഞവരില്‍ ബിരുദ യോഗ്യതയുള്ളവര്‍ 15,502 പേര്‍ മാത്രമാണ്. സര്‍ക്കാര്‍ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനും നിരോധനം കൊണ്ടുവന്നിട്ടുണ്ട്.

കുവൈറ്റി വനിതകളുടെ ഭര്‍ത്താക്കന്മാരും കുട്ടികളും, കുവൈറ്റികളുടെ ഭാര്യമാര്‍, ഡോക്ടര്‍, നഴ്സ്, ടെക്നികല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഫല്സതീനികള്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവു നല്‍കിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ തൊഴില്‍ വിസ, കുടുംബ വിസ, ആശ്രിത വിസ എന്നിങ്ങനെ മൂന്ന് വിധം വിസകളാണ് നിലവിലുള്ളത്.

Share this story