സ്ഥാപന ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ നിർബന്ധമാക്കി മക്ക ഗവർണർ

സ്ഥാപന ആസ്ഥാനങ്ങളിൽ പതാക ഉയർത്തൽ നിർബന്ധമാക്കി മക്ക ഗവർണർ

ജിദ്ദ: മക്ക പ്രവിശ്യയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും ദേശീയ പതാക ഉയർത്തൽ നിർബന്ധമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു.

ചില സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഴുവൻ സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങളിൽ നിർബന്ധമായും ദേശീയ പതാക ഉയർത്തിയിരിക്കണമെന്ന് മക്ക ഗവർണർ നിർദേശിച്ചത്.

സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്താതിരിക്കുന്നത് ദേശീയ പതാകാ നിയമത്തിലെ മൂന്നാം വകുപ്പിന്റെ ലംഘനമാണ്. മക്ക പ്രവിശ്യയിലെ സർക്കാർ, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിൽ ദേശീയ പതാക ഉയർത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിച്ച് ഉറപ്പു വരുത്തും.

Share this story