റിയാദിൽ മസ്ജിദുകളിൽ സ്പീക്കറുകൾക്ക് നിയന്ത്രണം

റിയാദിൽ മസ്ജിദുകളിൽ സ്പീക്കറുകൾക്ക് നിയന്ത്രണം

റിയാദ്: റിയാദിൽ മസ്ജിദുകളിലും ജുമാ മസ്ജിദുകളിലും ഉച്ചഭാഷിണികൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇക്കാര്യം അറിയിച്ച് മസ്ജിദുകളിലെയും ജുമാ മസ്ജിദുകളിലെയും ഇമാമുമാർക്കും മുഅദ്ദിനുകൾക്കും റിയാദ് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ സർക്കുലർ അയച്ചു. മസ്ജിദുകളിലെയും ജുമാ മസ്ജിദുകളിലെയും പുറത്തേക്കുള്ള സ്പീക്കറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തി. ഇതിൽ കൂടുതലുള്ള സ്പീക്കറുകൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.

ആംപ്ലിയഫയറുകൾ പരമാവധി നാലു പോയന്റിൽ ക്രമീകരിക്കണമെന്നും റിയാദ് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖാ മേധാവി ഡോ. അലി അൽഹാരിസി പുറത്തിറക്കിയ സർക്കുലർ കർശന നിർദേശം നൽകി. പള്ളികളിൽ നടക്കുന്ന മതപഠന ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കുമിടെ പുറത്തെ സ്പീക്കറുകൾ ഓഫാക്കുന്ന കാര്യം പരിഗണിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങളെല്ലാം പാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമാണ്.

ഇക്കാര്യം മന്ത്രാലയ ശാഖ നിരീക്ഷിക്കുകയും നിയമ ലംഘകരെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.
പള്ളികളുടെ പുറത്തുള്ള സ്പീക്കറുകൾ ഏറെ ഉച്ചത്തിൽ പ്രവർത്തിപ്പിക്കുന്നതായും ഇത് സമീപവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായും സമീപത്തെ മസ്ജിദുകളിലെ ഖുർആൻ പാരായണങ്ങൾ കൂടിക്കലരുന്നതായും പരാതികൾ വർധിച്ച പശ്ചാത്തലത്തിലാണ് ഉച്ചഭാഷിണികൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കുന്നതെന്ന് ഡോ. അലി അൽഹാരിസി പറഞ്ഞു.

Share this story