ജനുവരി 14 മുതൽ എൻജിനീയറിംഗ് മേഖലയിൽ സൗദിവൽക്കരണം

Share with your friends

റിയാദ്: എൻജിനീയറിംഗ് മേഖലയിൽ വിജയകരമായി സൗദിവൽക്കരണം നടപ്പാക്കുന്നതിന് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകുമെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജിനീയർ അബ്ദുന്നാസിർ സൈഫ് അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. എൻജിനീയറിംഗ് മേഖലയിൽ 20 ശതമാനം സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നാലര മാസത്തിനു ശേഷം ജമാദുൽ ആഖിർ (ജനുവരി 14) മുതൽ പ്രാബല്യത്തിൽവരും.

സൗദി എൻജിനീയർമാരെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കൽ, അവർക്ക് ആകർഷകമായ തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കൽ, പരിശീലനങ്ങളിലൂടെ സൗദി എൻജിനീയർമാരെ പ്രാപ്തരാക്കൽ, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തൽ എന്നിവക്ക് പിന്തുണ നൽകുന്ന പ്രോത്സാഹനങ്ങളാണ് നടപ്പാക്കുക. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അക്രഡിറ്റേഷൻ ലഭിക്കുന്ന സൗദി എൻജിനീയർമാരെ മാത്രമാണ് സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കുക.

എൻജിനീയറിംഗ് മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിക്കും. സ്ഥാപനങ്ങൾക്കുള്ള ഓൺലൈൻ സേവനങ്ങൾ നിർത്തിവെക്കൽ അടക്കമുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക. എൻജിനീയറിംഗ് പ്രൊഫഷനിൽ പുതിയ വിസകൾ നിർത്തിവെക്കൽ, വിദേശ എൻജിനീയർമാരുടെ സ്‌പോൺസർഷിപ്പ് മാറ്റം വിലക്കൽ, പ്രൊഫഷൻ മാറ്റം വിലക്കൽ, വിദേശ എൻജിനീയർമാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്നതും നിർത്തിവെക്കൽ എന്നിവ അടക്കമുള്ള ശിക്ഷാ നടപടികളാണ് എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കുക.

വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായി, എൻജിനീയറിംഗ് പ്രൊഫഷനുകളിൽ ജോലി ചെയ്ത് കുടുങ്ങുന്ന വിദേശികൾക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കും. പ്രോത്സാഹനങ്ങളും ശിക്ഷാ നടപടികളും തങ്ങൾക്കു കീഴിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ ഉറപ്പുവരുത്താനും സൗദി എൻജിനീയർമാരെ നിയമിക്കാനും സ്ഥാപനങ്ങളെ നിർബന്ധിക്കും.

സ്ഥാപിതമായതു മുതൽ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ്, എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ സൗദിവൽക്കരണത്തിന് ശ്രമങ്ങൾ നടത്തിവരികയാണ്. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സൗദി എൻജിനീയർമാരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവർക്ക് പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
സൗദിയിലേക്ക് പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വിദേശ എൻജിനീയർമാർക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപനം നടത്തി അഞ്ചു വർഷത്തെ പരിചയസമ്പത്ത് നിർബന്ധമാക്കിയിട്ടുമുണ്ട്. സൗദിവൽക്കരണ തീരുമാനം സൗദി എൻജിനീയർമാർക്ക് ഏഴായിരം റിയാലിൽ കുറയാത്ത മിനിമം വേതനം ഉറപ്പുവരുത്തുന്നു.

വിശദമായ പഠനങ്ങൾക്കും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ശിൽപശാലകൾ സംഘടിപ്പിച്ചുമാണ് എൻജിനീയറിംഗ് തൊഴിൽ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും എൻജിനീയർ അബ്ദുന്നാസിർ സൈഫ് അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. അഞ്ചും അതിൽ കൂടുതലും എൻജിനീയർമാരെ ജോലിക്കു വെക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമാണ്. സ്വദേശിവൽക്കരണത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി എൻജിനീയർമാരുടെ മിനിമം വേതനം 7,000 റിയാലിൽ കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ആദ്യ ഘട്ടത്തിൽ ഏഴായിരം സൗദി എൻജിനീയർമാർക്ക് തൊഴിൽ ലഭ്യമാക്കാൻ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. നിലവിൽ രാജ്യത്ത് ഉദ്യോഗാർഥികളായി കഴിയുന്ന മുഴുവൻ സ്വദേശി എൻജിനീയർമാർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കുന്നതിലൂടെ സാധിക്കും.

നിലവിൽ 5,000 ഓളം സൗദി എൻജിനീയർമാരാണ് ഉദ്യോഗാർഥികളായി കഴിയുന്നത്. സമീപ ഭാവിയിൽ എൻജിനീയറിംഗ് ബിരുദം നേടി പുറത്തിറങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഇരുപതു ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ സാധിക്കും. ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന എൻജിനീയറിംഗ് ബിരുദധാരികളുടെ എണ്ണത്തിന് അനുസരിച്ച് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാധകമായ സൗദിവൽക്കരണ അനുപാതം ഓരോ കൊല്ലവും ഉയർത്തുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദിവൽക്കരണ തീരുമാനം എൻജിനീയറിംഗ് മേഖലയിലെ 117 പ്രൊഫഷനുകൾക്ക് ബാധകമാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!