ഖത്തര്‍ ഉപരോധം: സൗദിയുമായുള്ള കുവൈത്തിന്റെ ചര്‍ച്ച പരാജയം, ഉപരോധം നീക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കുവൈത്ത്
ദോഹ: ഖത്തര്‍ ഉപരോധം നീക്കാന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയുമായി നടന്ന ചര്‍ച്ച പരാജയം. കുവൈത്ത് വിദേശകാര്യ മന്ത്രി അഹമ്മദ് നാസര്‍ അല്‍ സബയാണ് ഖത്തര്‍, സൗദി പ്രതിനിധികളുമായി സംസാരിച്ചത്.
ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് കുവൈത്ത് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്റഹ്മന് അല്‍ താനി, കുവൈത്തിലെ സൗദി അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സാദ് എന്നിവരുമായി കുവൈത്ത് മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.
പ്രാദേശികവുമായ സംഭവവികാസങ്ങള്‍, സുപ്രധാന സുരക്ഷാ-സാമ്പത്തിക വെല്ലുവിളികള്‍, അവയെ നേരിടാനുള്ള ശ്രമങ്ങള്‍ എന്നിവയെപ്പറ്റിയാണ് ചര്‍ച്ച നടന്നതെന്ന് കുവൈത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ അല്‍ ഖബാസ് ദിനപത്രത്തോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങള്‍ അവസാനിപ്പിക്കുകയില്ലെന്നും ഈ ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അഭിപ്രായവ്യത്യാസം നീണ്ടുനില്‍ക്കാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2017 ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം വിച്ഛേദിച്ചത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കു പിന്തുണ നല്കുന്നു എന്ന് ആരോപിച്ചായിരുന്നു ഉപരോധം. ആ വര്‍ഷം മുതലേ കുവൈത്ത് ഉപരോധം നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
