ഖത്തറില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം 1800 റിയാല്‍; പുതിയ നിയമം പ്രഖ്യാപിച്ച്‌ അമീര്‍

ഖത്തറില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം 1800 റിയാല്‍; പുതിയ നിയമം പ്രഖ്യാപിച്ച്‌ അമീര്‍

ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമ വേതനം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി 2020 ലെ 17-ാം നമ്പര്‍ നിയമം പുറപ്പെടുവിച്ചു. ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം നിലവില്‍ വരും. ഇതിന് പുറമേ മറ്റു രണ്ട് ഉത്തരവുകള്‍ കൂടി അമീര്‍ ഇന്ന് പുറപ്പെടുവിച്ചു.

പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ് എന്നിവയുമായി ബന്ധപ്പെട്ട 2015 ലെ 21-ാം നമ്പര്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് മറ്റൊരു ഉത്തരവ്. തൊഴില്‍ നിയമം ഭേദഗതി വരുത്തുന്ന ഉത്തരവിലും അമീര്‍ ഇന്ന് ഒപ്പുവച്ചു. 2004 ലെ 14-ാം നമ്പര്‍ നിയമമാണ് ഭേദഗതി ചെയ്തത്. ഇനി മുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറുന്നതിന് തൊഴിലുടമയുടെ നോ ഒബ്ജ്ക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും നീക്കം ചെയ്തു.

ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം പ്രതിമാസം ആയിരം റിയാല്‍ അടിസ്ഥാന ശമ്പളമായി തൊഴിലുടമ നല്‍കണം. ഇതിനു പുറമേ പ്രതിമാസം 500 റിയാല്‍ താമസ ചെലവിനും 300 റിയാല്‍ ഭക്ഷണ ചെലവിനുമായി ആകെ 1800 റിയാല്‍ തൊഴിലുടമ നല്‍കണം. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നിയമം നിലവില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും മിനിമ വേതനം പിന്നീട് പുതുക്കുന്നതിന് മിനിമം വേജ് കമ്മിറ്റി രൂപീകരിക്കും.തൊഴില്‍ നിയമവും പ്രവാസികളുടെ വരവ്, പോക്ക്, താമസം സംബന്ധിച്ച നിയമവും ഭേദഗതി ചെയ്തത് തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമാണ്. നിയമമനുസരിച്ച് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരും.

Share this story