ദോഹയില്‍ നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വെയ്സ്; ഫ്‌ളൈറ്റുകള്‍ ഒക്ടോബര്‍ 24 വരെ

ദോഹയില്‍ നിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വെയ്സ്; ഫ്‌ളൈറ്റുകള്‍ ഒക്ടോബര്‍ 24 വരെ

ദോഹ: ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഇന്നു മുതല്‍ ഒക്ടോബര്‍ 24 വരെ ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. കേരളമുള്‍പ്പടെ ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ക്ക് പുറമേ അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസുകള്‍.

ആധുനിക സുരക്ഷാസംവിധാനങ്ങളും ശുചിത്വനിലവാരവുമാണ് യാത്രക്കാര്‍ക്കായി ഖത്തര്‍ എയര്‍വെയ്സ് ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിന് മുമ്പ് നടത്തിയ ആ.ര്‍.ടി-പി.സി.ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഐ.സി.എം.ആര്‍ അംഗീകൃത ലാബുകളില്‍ നിന്ന് നടത്തിയ പരിശോധന ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. അതേസമയം, ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ പ്രത്യേക യാത്രാകരാര്‍ കാലാവധി നിലവില്‍ ഒക്ടോബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഇതു പ്രകാരം ഖത്തര്‍ എയര്‍വെയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്താന്‍ ധാരണയിലെത്തിയിരുന്നു.

Share this story