ബിനാമി ബിസിനസ്: സൗദി വനിത അടക്കം മൂന്നു പേർക്ക് ശിക്ഷ

ബിനാമി ബിസിനസ്: സൗദി വനിത അടക്കം മൂന്നു പേർക്ക് ശിക്ഷ

ജിദ്ദ: ബിനാമി ബിസിനസ് കേസിൽ സൗദി വനിത അടക്കം മൂന്നു പേരെ ജിദ്ദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തിയ സിറിയക്കാരൻ മാഹിർ ഖാസിം അൽകബീർ, ഇയാൾക്ക് കൂട്ടുനിന്ന സൗദി വനിത ലുലു ബിൻത് മുഹമ്മദ് ബിൻ ജുനൈദി മുഹമ്മദ്, സൗദി പൗരൻ സമീർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽഉഖൈൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പ്രതികൾക്ക് മൂന്നര ലക്ഷം റിയാൽ പിഴ ചുമത്തിയിട്ടുണ്ട്. സിറിയക്കാരനെയും ഇയാൾക്കു ഒത്താശ ചെയ്ത സൗദി പൗരനെയും കോടതി ആറു മാസം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസുകളും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി വനിതക്കും സൗദി പൗരനും കോടതി വിലക്കുമേർപ്പെടുത്തി.

നിയമ ലംഘകരിൽനിന്ന് നിയമാനുസൃത സക്കാത്തും ഫീസുകളും നികുതികളും ഈടാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനന്ത വിലക്കേർപ്പെടുത്താനും വിധിയുണ്ട്. സൗദി പൗരന്റെയും സ്വദേശി വനിതയുടെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

സൗദി പൗരന്റെയും സൗദി വനിതയുടെയും പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ ദുരുപയോഗിച്ചാണ് സിറിയക്കാരൻ ജിദ്ദയിൽ കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തിയത്. പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമാണം, അറ്റകുറ്റപ്പണി, എയർ കണ്ടീഷനർ ഇറക്കുമതി, മാൻപവർ സപ്ലൈ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾ ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലും അന്വേഷണത്തിലും സ്ഥാപനങ്ങൾ സിറിയക്കാരൻ നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് വാണിജ്യ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം അടുത്തിടെ മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. പരിഷ്‌കരിച്ച നിയമത്തിൽ കുറ്റക്കാർക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽനിന്ന് ഈടാക്കുന്ന പിഴയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറും. ബിനാമി കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തിനകം ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കും.
ബിനാമി കേസ് പ്രതികളായ വിദേശികളെ ശിക്ഷ പൂർത്തിയാക്കുകയും നിയമാനുസൃത ഫീസുകളും നികുതികളും ഈടാക്കുകയും ചെയ്ത ശേഷം സൗദിയിൽനിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

ബിനാമി സ്ഥാപനം അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും. ബിനാമി ബിസിനസ് കേസിൽ ശിക്ഷിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു. സ്വന്തം പേരിലല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് നിയമം വിലക്കുന്നു.

Share this story