ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി; അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം

ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി; അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം

ടെഹ്റാന്‍: 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഇറാന്‍ തങ്ങളുടെ ദേശിയ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. ശിക്ഷ നടപ്പാക്കിയത്. ഇറാൻ വാർത്താ ഏജൻസിയായ ഐ.ആർ.‌എൻ‌.എ ആണ്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചതായി തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെറ്റായ രീതിയില്‍ കുറ്റസമ്മതം നടത്തിപ്പിച്ച് തന്നെ പീഡിപ്പിച്ചെന്ന് അഫ്കാരി പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അഫ്കാരി തെറ്റ് ചെയ്തതിന് യാതൊരു തെളിവുകളുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു. ഇതേ കേസില്‍ അഫ്കാരിയുടെ സഹോദരങ്ങളായ വഹിദും ഹബിബും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 54 വര്‍ഷത്തേക്കും 27 വര്‍ഷത്തേക്കുമാണ് ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അഫ്കാരിയുടെ വധശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ അഫ്കാരിയുടെ വധശിക്ഷയ്ക്കെതിരെ സംയുക്ത പ്രതിഷേധം അറിയിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഫ്കാരിയെ വധിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയ്ക്കെതിരെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെതിരെയുമാണ് 2018 ല്‍ ഇറാനില്‍ പ്രക്ഷോഭം നടന്നത്. ഈ പ്രക്ഷോഭത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.

Share this story