ഉംറ പുനഃരാരംഭിക്കാന്‍ സൗദി ഉന്നത സമിതി രൂപീകരിച്ചു; തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

ഉംറ പുനഃരാരംഭിക്കാന്‍ സൗദി ഉന്നത സമിതി രൂപീകരിച്ചു; തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍

റിയാദ്: ഉംറ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സൗദി ഉന്നത സമിതി രൂപീകരിച്ചു. വിവിധ മന്ത്രാലയങ്ങളും മക്ക, മദീന മേല്‍നോട്ട അതോറിറ്റിയും ചേര്‍ന്നാണ് ഉന്നത സമിതി രൂപീകരിച്ചത്. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പ് എന്നിവയാണ് ഇരുഹറം മേല്‍നോട്ട അതോറിറ്റിക്ക് പുറമെ ഉന്നത സമിതിയില്‍ ഉള്‍പെട്ടിട്ടുള്ളത്.

ആദ്യം സൗദിയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഉംറക്ക് അനുമതി നല്‍കുക. വിദേശ തീര്‍ഥാടകരെ സ്വീകരിച്ചുതുടങ്ങുന്ന സമയം നിശ്ചയിച്ചിട്ടില്ല. ഉംറ തീര്‍ത്ഥാടനത്തിന് ഉദ്ദേശിക്കുന്നവര്‍ കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക ആപ്പ് തയ്യാറാക്കും. ഈ ആപ്പ് വഴി അപേക്ഷ നല്‍കി അനുമതി കരസ്ഥമാക്കണം.

നിര്‍ണിത തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിശ്ചയിച്ച സമയത്താണ് ഉംറക്ക് അനുമതി ലഭിക്കുക. കഴിഞ്ഞ ഹജ്ജ് സീസണില്‍ സ്വീകരിച്ച പ്രോട്ടോകോളുകള്‍ ഉംറ തീര്‍ഥാടകര്‍ക്കും ബാധകമായിരിക്കും എന്നിവയാണ് നിബന്ധനകള്‍. തീര്‍ഥാടകര്‍ക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ സേവനം നല്‍കാനാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത്തരം നിബന്ധനകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share this story