റസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ ഒമാനിലേക്ക് തിരികെ വരാം

റസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ ഒമാനിലേക്ക് തിരികെ വരാം

മസ്‌കറ്റ്: ഒക്‌ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് രാജ്യത്തേക്ക് തിരികെ വരാന്‍ അനുമതി നല്‍കാന്‍ കൊവിഡ് പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ഒക്‌ടോബര്‍ ഒന്നിനാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്. തിരികെ വരുന്ന വിദേശ തൊഴിലാളികള്‍ക്കായി വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാകും. ഇതിന് പുറമെ 14 ദിവസത്തെ ക്വാറൻ്റീന്നും നിര്‍ബന്ധമായിരിക്കും.

നിലവില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് തിരികെ വരാന്‍ അനുമതിയുള്ളത്. അതേസമയം, ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയോടെ മാത്രമാണ് തിരികെ വരാന്‍ കഴിയുകയുള്ളൂവെന്ന നിയമം നിലനില്‍ക്കുമെന്നാണ് സൂചന.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടരുന്ന ലോക്ഡൗണ്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ നീക്കം ചെയ്യാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലക്കായി പ്രഖ്യാപിച്ച വിവിധ ആശ്വാസ പദ്ധതികള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.

Share this story