യു.എ.ഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ചലച്ചിത്ര ഏജന്‍സികള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടു

യു.എ.ഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ ചലച്ചിത്ര ഏജന്‍സികള്‍ തമ്മില്‍ കരാര്‍ ഒപ്പിട്ടു

അബുദാബി: യു.എ.ഇയും ഇസ്രായേലും നയതന്ത്ര ബന്ധ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളിലേയും ചലച്ചിത്ര ഏജന്‍സികള്‍ തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണത്തിന് കരാര്‍ ഒപ്പുവച്ചു. ചലച്ചിത്ര- ടെലിവിഷന്‍ പരമ്പര നിര്‍മാണത്തിനു പുറമേ പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കരാറിലുണ്ട്.

അബുദാബി ഫിലിം കമ്മിഷന്‍ (എഡി.എഫ്.സി), ഇസ്രയേല്‍ ഫിലിം ഫണ്ട് (ഐ.എഫ്.്എഫ്, ജറുസലം സാം സ്പീഗല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂള്‍ (ജെ.എസ്.എഫ്.എസ്) എന്നിവ പരസ്പരം സഹകരിച്ച് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ സഹിഷ്ണുത, വിദ്യാഭ്യാസം, വികസനം, പരസ്പര സഹകരണം തുടങ്ങിയവ വളര്‍ത്തുന്നത് ലക്ഷ്യം വച്ചുള്ള പരിപാടികള്‍ നിര്‍മിക്കും. ശില്‍പശാലകള്‍, പരിശീലനം, വിദ്യാഭ്യാസം, രാജ്യന്തര ഫിലിം ലാബ്, പ്രാദേശിക ചലച്ചിത്രോല്‍സവങ്ങള്‍ എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാവും സഹകരണം.

ജെ.എസ്.എഫ്.എസിന്റെ ജറുസലം ക്യാംപസുകളിലെ മൂന്നു വിദ്യാലയങ്ങളില്‍ ഒന്നില്‍ എമറാത്തി വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് അവസരവും നല്‍കും. ഇരു രാജ്യങ്ങളും സഹകരിച്ചുള്ള ചലച്ചിത്ര നിര്‍മാണ സംരംഭങ്ങളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണവും ശക്തിപ്പെടുകയാണെന്നും എമറാത്തി മൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതല്‍ മെച്ചപ്പെട്ട കലാസൃഷ്ടികള്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് ഉണ്ടാകാന്‍ ഇതു സഹായകമാകുമെന്നും ടുഫോര്‍ 54 ആന്‍ഡ് ഇമേജ് നേഷന്‍ അബുദാബി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക് ചൂണ്ടിക്കാട്ടി.

ചലച്ചിത്രങ്ങള്‍ക്ക് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗോള ഭാഷയാണുള്ളതെന്നും മധ്യപൂര്‍വദേശത്തെ കൂടുതല്‍ പേരുമായും രാജ്യങ്ങളുമായും ഇടപഴകാനും പഠിക്കാനും കലാമൂല്യമുള്ള സൃഷ്ടികള്‍ നടത്താനും ഈ സഹകരണം വഴി കഴിയുമെന്ന് ഐ.എഫ്.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ ഷൈലോക്ക് ഉസ്രദ് പറഞ്ഞു.

Share this story