ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒമാന്‍ പുനരാരംഭിക്കും; സാധുവായ വിസയുള്ളവര്‍ക്ക് അനുമതി വേണ്ട

ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒമാന്‍ പുനരാരംഭിക്കും; സാധുവായ വിസയുള്ളവര്‍ക്ക് അനുമതി വേണ്ട

മസ്‌കറ്റ്: ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഒമാന്‍ പുനരാരംഭിക്കും. വ്യോമയാന അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മസ്‌കറ്റിനും സലാല നഗരത്തിനുമിടയിലുള്ള ആഭ്യന്തര വിമാന സര്‍വീസുകളും ഇതേ രീതിയില്‍ പുനരാരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കൊവിഡ് വ്യാപനംമൂലം മാര്‍ച്ച് 29 മുതലാണ് അന്താരാഷ്ട്ര ആഭ്യന്തര വിമാനസര്‍വീസുകള്‍ അധികൃതര്‍ നിര്‍ത്തിവെച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കഴിയും.

അതേസമയം, സാധുവായ വിസയുള്ള താമസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സാധുവായ റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ ഒമാനിലെയ്ക്ക് അനുമതി ലഭിക്കാതെ മടങ്ങിവരാമെന്ന് ഡിപ്ലോമാറ്റിക് അഫയേഴ്‌സ് വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറിയും കൊവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രീം സമിതി അംഗവുമായ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തി അറിയിച്ചു.

ഒമാനിലെയ്ക്ക് മടങ്ങിയെത്തുന്നവര്‍ പി.സി.ആര്‍ പരിശോധന നടത്തുകയും രണ്ടാഴ്ച ക്വാറന്റൈനില്‍ ഇരിക്കുകയും വേണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

Share this story