എണ്ണ വരുമാനത്തിലെ കുറവ് നികത്താൻ എല്ലാ സാധ്യതകളും പരിശോധിക്കും; അൽഖസബി 

എണ്ണ വരുമാനത്തിലെ കുറവ് നികത്താൻ എല്ലാ സാധ്യതകളും പരിശോധിക്കും; അൽഖസബി 

റിയാദ്: എണ്ണ വരുമാനത്തിലെ കുറവ് നികത്താനും കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ബാധകമാക്കിയ നിയന്ത്രണങ്ങളുടെ ഫലമായ സാമ്പത്തിക മാന്ദ്യം മറികടക്കാനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരാനും എല്ലാ സാധ്യതകളും സൗദി അറേബ്യ വിലയിരുത്തുന്നതായി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി പറഞ്ഞു. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞത് സൗദി അറേബ്യയുടെ പൊതുവരുമാനത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ മറ്റേതൊരു രാജ്യത്തെയും പോലെ സാഹചര്യങ്ങളുമായി സൗദി അറേബ്യക്കും ഒത്തുപോകേണ്ടതുണ്ട്.

പൗരന്മാർക്കും രാജ്യത്തിനും ഏറ്റവും മികച്ചതായി ഭവിക്കുന്ന കാര്യങ്ങൾ അംഗീകരിച്ച് നടപ്പാക്കാൻ സർക്കാർ നിരന്തരം പുനഃപരിശോധനയിലാണ്. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം നൽകാനും തുടർച്ചയായ വളർച്ച ഉറപ്പു വരുത്താനും സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മൂല്യവർധിത നികുതി ഉയർത്തിയ നടപടി പുനഃപരിശോധിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി വാണിജ്യ മന്ത്രി പറഞ്ഞു.
കൊറോണ മഹാമാരിക്കു ശേഷം ആഗോള സമ്പദ്‌വ്യവസ്ഥക്ക് പുത്തനുണർവ് നൽകാൻ ബഹുകക്ഷിത്വത്തിന്റെയും നീതിയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള ആഗോള വാണിജ്യ സംവിധാനം അനിവാര്യമാണ്. അതിർത്തികളിലൂടെ അടിസ്ഥാന ചരക്കുകളുടെയും സേവനങ്ങളുടെയും അഭംഗുരമായ ഒഴുക്ക് തുടരാനും കൊറോണ മൂലമുള്ള ജീവഹാന കുറക്കാനുമുള്ള ശക്തമായ നടപടികൾ മെയ് മാസത്തിൽ ചേർന്ന ജി-20 രാജ്യങ്ങളുടെ വാണിജ്യ, നിക്ഷേപ മന്ത്രിമാരുടെ യോഗം കൈക്കൊണ്ടിട്ടുണ്ട്. കൊറോണ മഹാമാരി ലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾക്ക് ഗുരുതരമായ കോട്ടം തട്ടിച്ചു. പതിവ് വാണിജ്യ, നിക്ഷേപ ശൈലികൾ ഇത് തടസ്സപ്പെടുത്തിയെന്നും ഡോ. മാജിദ് അൽഖസബി പറഞ്ഞു.

ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയുടെ പൊതുവരുമാനം 326.01 ബില്യൺ റിയാലും ധനവിനിയോഗം 469.36 ബില്യൺ റിയാലും കമ്മി 143.34 ബില്യൺ റിയാലുമാണ്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങളുമായി ഒത്തുപോകാനും സുതാര്യതയും നിരീക്ഷണവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് 2017 മുതലാണ് സൗദി അറേബ്യ ത്രൈമാസ ബജറ്റ് കണക്കുകൾ പരസ്യപ്പെടുത്താൻ തുടങ്ങിയത്. 833 ബില്യൺ റിയാൽ വരവും 1020 ബില്യൺ റിയാൽ ചെലവും 187 ബില്യൺ റിയാൽ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് സൗദി അറേബ്യ ഈ വർഷം പ്രഖ്യാപിച്ചത്. കൊറോണ പ്രത്യാഘാതങ്ങൾ കാരണമായി സാമൂഹിക, സാമ്പത്തിക മേഖലകളിൽ കാര്യമായ സ്വാധീനം ചെലുത്താത്ത ചില ചെലവുകൾ വെട്ടിക്കുറക്കാൻ മാർച്ചിൽ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. ആകെ 50 ബില്യൺ റിയാലിന്റെ ചെലവുകളാണ് വെട്ടിക്കുറക്കുന്നത്.

Share this story