ഇസ്രായേല്‍ ബന്ധം; ഫലസ്തീന്‍ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം തങ്ങള്‍ക്ക് വേണ്ടെന്ന് ഖത്തര്‍

ഇസ്രായേല്‍ ബന്ധം; ഫലസ്തീന്‍ ഉപേക്ഷിച്ച അറബ് ലീഗ് അധ്യക്ഷപദം തങ്ങള്‍ക്ക് വേണ്ടെന്ന് ഖത്തര്‍

ദോഹ: ഇസ്രായേലുമായി യു.എ.ഇയും ബഹ്റൈനും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് അടുത്തിടെ ഫലസ്തീന്‍ കയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം തങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ഖത്തര്‍. അറബ് ലീഗിന്റെ 154-ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

അക്ഷരമാലാക്രമത്തിലും ലീഗ് കൗണ്‍സിലിന്റെ നടപടിക്രമ ചട്ടങ്ങളുടെ ആറാം ആര്‍ട്ടിക്കിള്‍ അനുസരിച്ചുമാണ് ലീഗിന്റെ മന്ത്രി തല യോഗത്തിന്റെ അധ്യക്ഷപദവി രാജ്യങ്ങള്‍ വഹിക്കുന്നത്. ഇതു പ്രകാരം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന 155ാമത് സെഷന്റെ അധ്യക്ഷ പദവി ഖത്തറിനാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ ഏതെങ്കിലും രാജ്യം വിസമ്മതിക്കുകയോ കഴിയാതെ വരികയോ ചെയ്താല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം അധ്യക്ഷ പദവി വഹിക്കുന്ന രാജ്യത്തിനാണ് ഈ പദവിക്ക് അര്‍ഹത. ഇതു പ്രകാരം ഫലസ്തീന്‍ അധ്യക്ഷ പദവി രാജിവച്ചതോടെ ഖത്തറിനായിരുന്നു അധ്യക്ഷ പദവി ലഭിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഫലസ്തീനെ ഏറ്റവും അധികം പിന്തുണക്കുന്ന രാജ്യമായ ഖത്തര്‍ ഫലസ്തീന്‍ ഉപേക്ഷിച്ച അധ്യക്ഷ പദം ഏറ്റെടുക്കില്ല. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രം വേണമെന്ന പലസ്തീന്റെ എല്ലാകാലത്തെയും ആഗ്രഹത്തെയാണ് യു.എ.ഇയും ബഹ്റൈനും ഒത്തുതീര്‍പ്പിലൂടെ നിരാകരിച്ചതെന്ന് പലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്ന് യു.എ.ഇയുടെയും ബഹ്‌റൈന്റെയും നടപടിയെ മറ്റ് രാജ്യങ്ങളെകൊണ്ട് അപലപിപ്പിക്കാന്‍ ഫലസ്തീന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിലും ഫലസ്തീന്‍ പരാജയപ്പെട്ടു.

ലീഗിന്റെ അധ്യക്ഷ പദവിയില്‍ ആറ് മാസം കൂടി തുടരാന്‍ അംഗരാജ്യങ്ങള്‍ ഫലസ്തീനെ പിന്തുണച്ചു. പക്ഷെ, തങ്ങളില്‍ വിശ്വാസമില്ലാത്ത സമിതിയുടെ അധ്യക്ഷ പദവയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ഫലസ്തീന്റെ നിലപാട്. തുടര്‍ന്നാണ് ഫലസ്തീന്‍ കഴിഞ്ഞ ആഴ്ച അധ്യക്ഷ പദവി രാജിവച്ചത്.

അതേസമയം, ഫലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും ഫലസ്തീന്‍ ജനതക്ക് നല്‍കുന്ന പിന്തുണ തുടരുമെന്നും ഫലസ്തീനിലെ ഫത്ഹ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ജിബ്രീല്‍ റജൂബുമായുള്ള കൂടിക്കാഴ്ചക്കിടെ ഖത്തര്‍ ഉപ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Share this story