കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച കമ്പനിക്ക് 30,000 റിയാൽ പിഴ

കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച കമ്പനിക്ക് 30,000 റിയാൽ പിഴ

മക്ക: കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപനക്കു വേണ്ടി സൂക്ഷിച്ച കേസിൽ മക്കയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് മക്ക ക്രിമിനൽ കോടതി 30,000 റിയാൽ പിഴ ചുമത്തി. റെസ്റ്റോറന്റ് മാനേജ്‌മെന്റ്, നടത്തിപ്പ് മേഖലയിലും കാറ്ററിംഗ് സേവന മേഖലയിലും പ്രവർത്തിക്കുന്ന ഹർമാൻ കമ്പനി ശാഖക്കാണ് പിഴ. സ്ഥാപനത്തിൽ കണ്ടെത്തിയ കേടായതും ഉറവിടമറിയാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ പേരുവിവരങ്ങളും കമ്പനി നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യാനും വിധിയുണ്ട്.

മക്കയിൽ ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കമ്പനി ആസ്ഥാനത്ത് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെ ഉറവിടമറിയാത്ത ഭക്ഷ്യവസ്തുക്കളും മോശം രീതിയിൽ സൂക്ഷിച്ചതിനാൽ കേടായ ഭക്ഷ്യവസ്തുക്കളും കണ്ടെത്തുകയായിരുന്നു. ഉപയോഗശൂന്യമായ കോഴിയിറച്ചി, അരച്ച ഇറച്ചി (കീമ), പച്ചക്കറികൾ, മസാലകൾ എന്നിവയാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത് നശിപ്പിച്ച വാണിജ്യ മന്ത്രാലയ സംഘം പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കമ്പനിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ നയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും.

Share this story