പ്രവാസികള്‍ക്ക് ആശ്വാസം; യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്, പുതിയ നിബന്ധനകള്‍ ഇവയാണ്

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്, പുതിയ നിബന്ധനകള്‍ ഇവയാണ്

ദുബായ്: ഇന്ത്യയില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ചയില്ലാതെ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്.

ദുബായിലേയ്ക്ക് വരികയും ഇവിടെ നിന്ന് പോവുകയും ചെയ്യുന്നവര്‍, താമസ വീസക്കാര്‍, ടൂറിസ്റ്റ്, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ തീരുമാനങ്ങള്‍.

പുതിയ നിബന്ധനകള്‍

വിദേശത്തുള്ള യു.എ.ഇ സ്വദേശികള്‍ക്ക് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കില്‍ ദുബൈയിലേയ്ക്ക് തിരിച്ചുവരാന്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. എന്നാല്‍, ദുബായിലെത്തിയാല്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

ചില രാജ്യങ്ങളില്‍ നിന്നു ദുബായിലേയ്ക്ക് വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് പി.സി.ആര്‍ പരിശോധന നടത്തണം. ട്രാന്‍സിറ്റ് യാത്രക്കാര്‍ വരുന്ന രാജ്യം നിഷ്‌കര്‍ഷിക്കുകയാണെങ്കില്‍ പുറപ്പെടുന്നതിന് മുന്‍പും പി.സി.ആര്‍ പരിശോധന നടത്തേണ്ടതാണ്.

സ്വദേശികള്‍, താമസ വീസക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ ദുബായില്‍ നിന്ന് പുറപ്പെടുമ്പോള്‍, അവര്‍ പോകുന്ന രാജ്യം ആവശ്യപ്പെട്ടാല്‍ മാത്രം കൊവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുക.

പ്രാദേശിക, ഗള്‍ഫ്, രാജ്യാന്തര സ്ഥിതിവിശേഷങ്ങള്‍ കണക്കിലെടുത്താണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നു വ്യക്തമാക്കി.

Share this story