അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 മരണം; അപലപിച്ച് ഖത്തര്‍

അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 മരണം; അപലപിച്ച് ഖത്തര്‍

ദോഹ: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവശ്യയില്‍ ഇന്ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെട്ടതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ അറിയിച്ചു.

അതേസമയം, അഫ്ഗാന്‍ സ്‌ഫോടനത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ രംഗത്തെത്തി. അക്രമത്തെയും ഭീകരതയെയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ ഖത്തര്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

അക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് ഖത്തര്‍ നിരന്തരം നടത്തുന്ന ശ്രമങ്ങളെ ഉദ്ദരിച്ച് അഫ്ഗാന്‍ സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലം പ്രസ്താവനയില്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും ദുരിത ബാധിതരുടെ കുടുംബങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരിനും ഖത്തര്‍ അനുശോചനം അറിയിച്ചു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. പക്ഷെ ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സ്ഥാപനങ്ങളും താലിബാനും പ്രദേശത്ത് സജീവമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഫെബ്രുവരി 29ന് ദോഹയില്‍ ഒപ്പു വെച്ച യു.എസ്-താലിബാന്‍ സമാധാന കരാറിനെ തുടര്‍ന്ന് രാജ്യത്ത് പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് അഫ്ഗാന്‍ സര്‍ക്കാരിന്റെയും താലിബാന്റെയും പ്രതിനിധികള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ആക്രമണം.

Share this story