ദുബായിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായി ഇസ്രായേല്‍ കമ്പനി

ദുബായിലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായി ഇസ്രായേല്‍ കമ്പനി

ദുബായ്: യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി പ്രിസം അഡ്‌വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നതിനാല്‍ ജീവനക്കാരും പ്രതീക്ഷയിലാണ്.

വ്യവസായി ബി.ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ നൂറോളം ശാഖകള്‍ യു.എ.ഇയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുകയും തുടര്‍ നടപടികള്‍ പുരോഗമിക്കുകയുമാണ്.

100 കോടി ഡോളറിന്റെ ബാങ്ക് വായ്പകള്‍ കമ്പനിയുടെ കണക്കുകളില്‍നിന്ന് എങ്ങനെ അപ്രത്യക്ഷമായെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. മാര്‍ച്ച് മുതല്‍ ഒട്ടുമിക്ക ശാഖകളും അടഞ്ഞുകിടക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ തന്നെ ഇടപാടുകാരോടുള്ള ആശയവിനിമയമാണ് നടക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

ശമ്പളം വെട്ടിക്കുറച്ചിട്ടും ഉള്ള ശമ്പളം തന്ന വൈകിയിട്ടും ഇവിടത്തന്നെ പിടിച്ചുനില്‍ക്കുന്ന ജീവക്കാര്‍ ഇസ്രായേല്‍ കമ്പനിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. യു.എ.ഇ എക്‌സ്‌ചേഞ്ച്-പ്രിസം ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ അടിമുടി പരിഷ്‌കാരങ്ങളോടെയായിരിക്കും സ്ഥാപനം പ്രവര്‍ത്തനം പുനരാരംഭിക്കുക.

ഇതിന് പുറമെ ഫിനാബ്ലറിന്റെയും അനുബന്ധ കമ്പനികളുടെയും ബാധ്യത തീര്‍ക്കല്‍, പ്രവര്‍ത്തന മൂലധനം ലഭ്യമാക്കല്‍, കമ്പനി ബോര്‍ഡ് പുനസംഘടന തുടങ്ങിയ കാര്യങ്ങളും നടപ്പാക്കിയേക്കാം.

ഫിനാബ്ലറുമായുള്ള ഇടപാടില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ആദ്യത്തെ വലിയ സാമ്പത്തിക ഇടപാടായി ഇത് മാറുമെന്നുമാണ് പ്രിസം അധികൃതരുടെ പ്രതികരണം.

വെല്ലുവിളികള്‍ നിറഞ്ഞൊരു ഉദ്യമമാണെന്നും എല്ലാവരുടെയും സഹായത്തോടെ ഫിനാബ്ലറിന്റെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.

Share this story