ഹറമിൽ നാലു  ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചു

ഹറമിൽ നാലു  ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചു

മക്ക: ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റുന്നതിന് വിശുദ്ധ ഹറമിൽ നാലു കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ വെളിപ്പെടുത്തി. ഉംറ തീർഥാടനം പുനരാരംഭിച്ച് ആദ്യത്തെ നാലു ദിവസത്തിനിടെ 24,000 തീർഥാടകരെ വിശുദ്ധ ഹറമിൽ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ തീർഥാടകർക്കിടയിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിശുദ്ധ ഹറമിന്റെ മുക്കുമൂലകളിലായി 200 ഹാന്റ് സാനിറ്റൈസർ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഓരോ സംഘവും ഉംറ പൂർത്തിയാക്കിയ ശേഷം 4000 ത്തിലേറെ ജീവനക്കാർ മതാഫും മസ്അയും കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. വിശുദ്ധ ഹറം ദിവസേന പത്തു തവണ കഴുകുന്നുണ്ട്. ഹറമിൽ പ്രവേശിക്കുന്നതിനു മുമ്പായി തീർഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നതിന് അത്യാധുനിക തെർമൽ ക്യാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ മാസ്‌കുകൾ ധരിക്കുന്നുണ്ടെന്നും ശാരീരിക അകലം പാലിക്കൽ, മതാഫിൽ പ്രത്യേകം നിശ്ചയിച്ച ട്രാക്കുകൾ പാലിക്കൽ അടക്കമുള്ള മറ്റു മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നുണ്ടെന്നും ഹാനി ഹൈദർ പറഞ്ഞു.

Share this story