ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ

മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും സെൻട്രൽ ബുക്കിംഗ് എൻജിൻ സൂപ്പർവൈസർ ജനറലുമായ അബ്ദുറഹ്മാൻ ബിൻ ഫഹദ് ബിൻ ശംസ് ഹോട്ടലുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി.

നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങുമെന്ന് രാജകൽപന വ്യക്തമാക്കുന്നു. വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഹോട്ടലുകളുമായും പാർപ്പിട യൂനിറ്റുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നത്. സേവന ദാതാക്കളുടെ സുസജ്ജത ഹജ്, ഉംറ മന്ത്രാലയം ഉറപ്പു വരുത്തുകയും സെൻട്രൽ ബുക്കിംഗ് എൻജിൻ വഴി ബുക്കിംഗ് അപേക്ഷകൾ സ്വീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ചെയ്യുന്നത്.

വിവരങ്ങൾ പുതുക്കാൻ ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള കാലാവധിയുള്ള ലൈസൻസ്, സിവിൽ ഡിഫൻസ് ലൈസൻസ്, കമേഴ്സ്യൽ രജിസ്ട്രേഷൻ, സക്കാത്ത്, നികുതി അതോറ്റിറ്റിയിൽ നിന്നുള്ള വാറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ടാക്സ് നമ്പർ, ഉടമയുടെയോ പകരം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ തിരിച്ചറിയൽ കാർഡ്, ഉടമക്കു പകരം ചുമതലപ്പെടുത്തുന്ന വ്യക്തിക്കുള്ള വക്കാല, അതല്ലെങ്കിൽ ചേംബർ ഓഫ് കൊമേഴ്സിൽ നിന്ന് അറ്റസ്റ്റ് ചെയ്ത ഓതറൈസേഷൻ ലെറ്റർ എന്നിവ ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കുമ്പോൾ നിർബന്ധമായും സമർപ്പിക്കണമെന്ന് അബ്ദുറഹ്മാൻ ബിൻ ഫഹദ് ബിൻ ശംസ് ആവശ്യപ്പെട്ടു.

Share this story