ജിദ്ദ കിംഗ് ഫഹദ് റോഡിലെ മേൽപാലം ഗതാഗതത്തിന് തുറന്നു

ജിദ്ദ കിംഗ് ഫഹദ് റോഡിലെ മേൽപാലം ഗതാഗതത്തിന് തുറന്നു

ജിദ്ദ: ഉത്തര ജിദ്ദയിൽ കിംഗ് ഫഹദ് റോഡും സാരി സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ മേൽപാലം ജിദ്ദ നഗരസഭ ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്റർസെക്ഷനിൽ സാരി സ്ട്രീറ്റിൽ കിംഗ് ഫഹദ് റോഡിനു കുറുകെ പടിഞ്ഞാറു, കിഴക്കു ദിശയിലാണ് മേൽപാലം നിർമിച്ചിരിക്കുന്നത്. മേൽപാലത്തിനു താഴെ അവശേഷിക്കുന്ന ഭാഗങ്ങളുടെയും സർവീസ് റോഡുകളുടെയും ജോലികൾ പൂർത്തിയാക്കിവരികയാണ്.

നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് കിംഗ് ഫഹദ് റോഡും സാരി സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ നഗരസഭ പുതിയ മേൽപാലം നിർമിച്ചത്. 800 മീറ്റർ നീളമുള്ള മേൽപാലത്തിൽ രണ്ടു ദിശയിലും ഈരണ്ടു ട്രാക്കുകൾ വീതമാണുള്ളത്. ആകെ 9,27,67,500 റിയാൽ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയതത്. ഇരു ദിശകളിലേക്കുമുള്ള പാലങ്ങളെ പത്തു മീറ്റർ വിടവിൽ വേർതിരിക്കുന്നു. ഈ ഇന്റർസെക്ഷനിലുണ്ടായിരുന്ന, പന്ത് എന്ന പേരിൽ സാധാരണക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന ഗോളശിൽപം നീക്കം ചെയ്ത് മേൽപാലത്തിന് സമാന്തരമായി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഗതാഗതക്കുരുക്ക് ഇല്ലാക്കാനും വാഹന ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ശിൽപം നീക്കം ചെയ്തത്.

സാരി സ്ട്രീറ്റിലെ മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജിദ്ദയിൽ തെക്കു, കിഴക്കു ദിശയിൽ ബലദിൽ നിന്ന് കിംഗ് അബ്ദുൽ അസീസ് എയർപോർട്ടു വരെയുള്ള ഭാഗത്ത് കിംഗ് ഫഹദ് റോഡിൽ സിഗ്നലുകൾ പൂർണമായും ഇല്ലാതായി. ഇത് മദീന റോഡിലെ തിരക്ക് കുറക്കാനും കിംഗ് ഫഹദ് റോഡിൽ യാത്രാ സമയം കുറക്കാനും സഹായിക്കും.

Share this story