കൂടുതൽ അന്താരാഷ്ട്ര സർവീസുകളുമായി സൗദിയ

കൂടുതൽ അന്താരാഷ്ട്ര സർവീസുകളുമായി സൗദിയ

ജിദ്ദ: ഈ മാസം 20 മുതൽ 20 നഗരങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. ഒക്‌ടോബർ 20 മുതൽ ജിദ്ദയിൽ നിന്നുള്ള സർവീസുകളുടെ ഷെഡ്യൂൾ സൗദിയ പുറത്തിറക്കി. സെപ്റ്റംബർ മുതൽ സൗദിയിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചിരുന്നു. വിദേശ യാത്രകൾക്ക് പ്രത്യേകം ഇളവ് നൽകപ്പെട്ട വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് യാത്രാനുമതിയുള്ളത്. ജനുവരി ഒന്നിനു ശേഷം മുതൽ അന്താരാഷ്ട്ര സർവീസുകൾ പൂർണ തോതിൽ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മധ്യപൗരസ്ത്യദേശത്തെ രണ്ടും യൂറോപ്പിലെയും അമേരിക്കയിലെയും ഏഴും ആഫ്രിക്കയിലെ ആറും ഏഷ്യയിലെ അഞ്ചും സെക്ടറുകളിലേക്കാണ് ജിദ്ദയിൽ നിന്ന് ഒക്‌ടോബർ 20 മുതൽ സൗദിയ സർവീസുകൾ നടത്തുക. മധ്യപൗരസ്ത്യദേശത്ത് ദുബായ്, അമ്മാൻ, യൂറോപ്പിലും അമേരിക്കയിലും ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ഇസ്താംബൂൾ, ലണ്ടൻ, മാഡ്രിഡ്, പാരീസ്, വാഷിംഗ്ടൺ, ഏഷ്യയിൽ ഇസ്‌ലാമാബാദ്, ജക്കാർത്ത, കറാച്ചി, കുലാലംപൂർ, മനില, ആഫ്രിക്കയിൽ അഡിസ് അബാബ, അലക്‌സാണ്ട്രിയ, കയ്‌റോ, ഖാർത്തൂം, നൈറോബി, തൂനിസ് എന്നിവിടങ്ങളിലേക്കാണ് ഈ മാസം ഇരുപതു മുതൽ സർവീസുകളുണ്ടാവുക. ഈ സർവീസുകളെല്ലാം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനൽ വഴിയാണ് നടത്തുകയെന്നും സൗദിയ അറിയിച്ചു.

Share this story