ഇഖാമ കാലാവധി അവസാനിച്ചാലും വിസിറ്റ് വിസ പുതുക്കാം; സൗദി ജവാസാത്ത്

ഇഖാമ കാലാവധി അവസാനിച്ചാലും വിസിറ്റ് വിസ പുതുക്കാം; സൗദി ജവാസാത്ത്

റിയാദ്: വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിച്ചാലും ബന്ധുക്കളുടെ വിസിറ്റ് വിസ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വിസിറ്റ് വിസയിൽ ബന്ധുക്കളെ റിക്രൂട്ട് ചെയ്തവരുടെ ഇഖാമ കാലാവധി അവസാനിക്കുന്നത് സന്ദർശക വിസയിലുള്ളവരുടെ വിസ ദീർഘിപ്പിക്കുന്നത് വിലക്കുന്നില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പുതിയ തൊഴിൽ വിസകളിൽ വിദേശികൾക്ക് രാജ്യത്തെത്തുന്നതിന് വിലക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കി.

കാലാവധിയുള്ള വിസയിൽ അംഗീകാരമുള്ള പി.സി.ആർ നെഗറ്റീവ് പരിശോധനാ റിപ്പോർട്ടുമായി വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് വ്യക്തമാക്കി. സൗദിയിൽ പ്രവേശിക്കുമ്പോൾ വിദേശികളുടെ പക്കലുള്ള പി.സി.ആർ നെഗറ്റീവ് പരിശോധനാ റിപ്പോർട്ടിന് 72 മണിക്കൂറിലധികം പഴക്കമുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെത്തുന്നതിന്റെ 72 മണിക്കൂറിനിടെ ലഭിച്ച പി.സി.ആർ പരിശോധനാ റിപ്പോർട്ട് ആണ് ഹാജരാക്കേണ്ടത്.

കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കണം.
റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്കുള്ള പ്രവേശന വിലക്ക് ആശ്രിതർക്ക് ബാധകമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി. റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട ആശ്രിതരുടെ വിസാ കാലാവധി കഴിഞ്ഞ മാസം 30 ന് അവസാനിച്ചു. പുതിയ വിസയിൽ ഇവരെ വീണ്ടും സൗദിയിലേക്ക് കൊണ്ടുവരുന്നതിന് മൂന്നു വർഷം പിന്നിടണമെന്ന വ്യവസ്ഥ ബാധകമാണോയെന്ന വിദേശികളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. റീ-എൻട്രിയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശന വിലക്ക് ആശ്രിതർക്ക് ബാധകമല്ലെന്ന് ജവാസാത്ത് പറഞ്ഞു.

Share this story