ഹാലി ഡാം 58 ദിവസം തുറക്കാൻ നിർദേശം

ഹാലി ഡാം 58 ദിവസം തുറക്കാൻ നിർദേശം

മക്ക: ഖുൻഫുദ മേഖലയിലെ പ്രശസ്തമായ ഹാലി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിടാൻ പരിസ്ഥിതി-ജല-കാർഷിക മന്ത്രി എൻജി. അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി നിർദേശിച്ചു. ഇന്നലെ മുതൽ 58 ദിവസത്തേക്കാണ് നിശ്ചിത സമയം ഷട്ടറുകൾ തുറന്നിടുക.

കൃഷിയിടങ്ങളിലെ ജലസേചന ആവശ്യത്തിനും അണക്കെട്ടിലെ ജലവിതാനം കുറക്കാനുമായി അണക്കെട്ടിലെ 250 ലക്ഷം ക്യുബിക് മീറ്റർ ജലം വിനിയോഗിക്കാനാണ് പദ്ധതി.

ഗവർണറേറ്റും സിവിൽ ഡിഫൻസും ബന്ധപ്പെട്ട വകുപ്പുകളും ഏകോപിപ്പിച്ചാണ് ഷട്ടറുകൾ തുറക്കുക. 254 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയും 57 മീറ്റർ ഉയരവുമാണ് നിലവിൽ ഹാലി അണക്കെട്ടിനുള്ളത്. ജലനിരപ്പ് അനുസരിച്ച് നാല് ഡ്രെയിനേജുകളും അണക്കെട്ടിനുണ്ട്. ഖുൻഫുദ മേഖലയിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് 1431 ൽ നിർമിച്ച ഹാലി അണക്കെട്ട്. പ്രതിദിനം 1,00,000 ഘനമീറ്റർ ഉൽപാദന ശേഷിയും പ്രതിവർഷം 36.5 ദശലക്ഷം ഘനമീറ്റർ ഉൽപാദന ശേഷിയുമുള്ള ഈ ഡാം മക്ക, ഖുൻഫുദ, അല്ലൈത്ത്, മഹായിൽ അസീർ എന്നീ നഗരങ്ങളിലേക്കുള്ള വെള്ളത്തിന്റെ പ്രധാന സ്രോതസ്സ് കൂടിയാണ്.

ഡാം തുറക്കുന്ന സമയം താഴ്വാരങ്ങളിൽനിന്ന് മാറിനിൽക്കാനും അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം പ്രദേശവാസികളോട് ആവശ്യപ്പെട്ടു.

Share this story