കഅ്ബക്കു മുന്നില്‍ അവര്‍ വിതുമ്പി; ഹറമില്‍ നമസ്‌കരിക്കാന്‍ ആപ് വഴി അനുമതി

കഅ്ബക്കു മുന്നില്‍ അവര്‍ വിതുമ്പി; ഹറമില്‍ നമസ്‌കരിക്കാന്‍ ആപ് വഴി അനുമതി

മക്ക: മാസങ്ങളുടെ ഇടവേളക്ക് ശേഷം സ്വദേശികളും വിദേശികളും ഇന്നലെ മസ്ജിദുല്‍ ഹറാമില്‍ ഫജര്‍ നമസ്‌കാരത്തിനെത്തി.
കഅ്ബാലയത്തിനു മുന്നില്‍ നമസ്‌കാരം നിര്‍വഹിച്ച അവര്‍ കാരുണ്യവാന് നന്ദി പറഞ്ഞ് പ്രാര്‍ഥനകളില്‍ മുഴുകി.

‘ഇഅ്തമര്‍നാ’ ആപ്പ് വഴിയാണ് വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. പെര്‍മിറ്റുകള്‍ ലഭിക്കുന്നതു പ്രകാരം ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിച്ചിരിക്കണമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. ഹറമില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കണം. ഹറമില്‍നിന്ന് പുറത്തിറങ്ങുമ്പോഴും ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഹറമില്‍ പ്രവേശിക്കുന്നതിനു മുമ്പായി ശരീര ഊഷ്മാവ് പരിശോധിക്കലും നിര്‍ബന്ധമാണ്. ഹറമിലേക്ക് ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല.
പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളും നമസ്‌കാരം നിര്‍വഹിക്കുന്നതിന് പ്രത്യേകം നീക്കിവെച്ച സ്ഥലങ്ങളും കണിശമായി പാലിക്കണം. ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് എല്ലാവരും സ്വന്തം നമസ്‌കാര പടങ്ങള്‍ കൈയില്‍ കരുതണം. കൂടാതെ സാമൂഹിക അകലവും പാലിക്കണം.

ഖുര്‍ആന്‍ പാരായണത്തിന് സ്വന്തം മുസ്ഹഫ് കൈയില്‍ കരുതുകയോ അതല്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ഖുര്‍ആന്‍ പ്രയോജനപ്പെടുത്തുകയോ വേണമെന്ന് ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ 2,20,000 പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും 5,60,000 പേര്‍ക്ക് വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും അവസരം ലഭിക്കും. തീര്‍ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിന് ഹറംകാര്യ വകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പ്രകാരം വിശുദ്ധ ഹറമിന്റെ ശേഷിയുടെ 75 ശതമാനം പേര്‍ക്കാണ് ഇന്നു മുതല്‍ ഉംറ നിര്‍വഹിക്കാനും ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പെര്‍മിറ്റുകള്‍ അനുവദിക്കുക. പ്രതിദിനം ഉംറ നിര്‍വഹിക്കുന്നതിന് 15,000 പേര്‍ക്കും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് 40,000 പേര്‍ക്കും വീതം പെര്‍മിറ്റുകള്‍ അനുവദിക്കും.

Share this story