സൗദിയിൽ 1.68 ട്രില്യൺ വിദേശ നാണയ കരുതൽ ശേഖരം

സൗദിയിൽ 1.68 ട്രില്യൺ വിദേശ നാണയ കരുതൽ ശേഖരം

റിയാദ്: സൗദി അറേബ്യയിൽ 1.68 ട്രില്യൺ റിയാലിന്റെ വിദേശ നാണയ കരുതൽ ശേഖരമുള്ളതായി കണക്ക്. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം 45 മാസത്തെ ഇറക്കുമതിക്ക് മതിയായ വിദേശ നാണയ കരുതൽ ശേഖരം സൗദി അറേബ്യയുടെ പക്കലുണ്ട്. ജൂലൈയിൽ സൗദി അറേബ്യയുടെ ഇറക്കുമതി 37.7 ബില്യൺ റിയാലായിരുന്നു.
ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണയ ശേഖര തോത് ആഗോള ശരാശരിയുടെ ഏഴിരട്ടിയോളമാണ്. ലോക രാജ്യങ്ങളുടെ പക്കൽ ശരാശരി ആറു മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണയ ശേഖരമാണുള്ളത്.

ഇതിനെ അപേക്ഷിച്ച് സൗദി അറേബ്യയുടെ പക്കലുള്ള വിദേശ നാണയ ശേഖര തോത് 643 ശതമാനം അധികമാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനുള്ള സൗദി അറേബ്യയുടെ ഉയർന്ന ശേഷിയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.
എണ്ണ വിലയിടിച്ചിലിന്റെ ഫലമായുണ്ടാകുന്ന ബജറ്റ് കമ്മിയുടെ ഒരു ഭാഗം നികത്താനും വായ്പാ തിരിച്ചടവിനും അസാധാരണ സാഹചര്യങ്ങളിൽ ഇറക്കുമതിക്കും വിദേശ നാണയ കരുതൽ ശേഖരം രാജ്യത്തെ സഹായിക്കുന്നു. പ്രാദേശിക, ആഗോള തലത്തിലെ സാമ്പത്തിക ആഘാതങ്ങൾ തരണം ചെയ്യാനും ഉയർന്ന തോതിലുള്ള വിദേശ നാണയ കരുതൽ ശേഖരം രാജ്യത്തെ സഹായിക്കും. ജൂലൈയിൽ സൗദി അറേബ്യയുടെ വിദേശ നാണയ കരുതൽ ശേഖരം 0.1 ശതമാനം തോതിൽ വർധിച്ച് 1.678 ട്രില്യൺ റിയാലിലെത്തിയിരുന്നു.

Share this story