വിദേശത്തുനിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒരുക്കം

വിദേശത്തുനിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ഒരുക്കം

ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഹജ്, ഉംറ ടെര്‍മിനലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും പ്രോട്ടോകോളുകളും പാലിച്ചാണ് ഉംറ തീര്‍ഥാടകരെ സ്വീകരിക്കുക. തീര്‍ഥാടകരും ജീവനക്കാരും അടക്കം എല്ലാവര്‍ക്കുമിടയില്‍ ശാരീരിക അകലം ഉറപ്പു വരുത്താനും കൗണ്ടറുകളില്‍ സുരക്ഷിത അകലം പാലിക്കാനും മുഴുവന്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഹജ്, ഉംറ ടെര്‍മിനല്‍ നടത്തിപ്പ് കരാറേറ്റെടുത്ത കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ അദ്‌നാന്‍ അല്‍സഖാഫ് പറഞ്ഞു.

തുടക്കത്തില്‍ വളരെ പരിമിതമായ തോതിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ എത്തുകയെങ്കിലും വിദേശ തീര്‍ഥാടകരുടെ എണ്ണം ക്രമേണ വര്‍ധിക്കും. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവര്‍ക്ക് സേവനങ്ങള്‍ നല്‍കാനും നിരവധി ജീവനക്കാരെ നിയോഗിക്കും. ഹജ്, ഉംറ ടെര്‍മിനലില്‍ ചില വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. തീര്‍ഥാടകരുടെ പ്രവേശന കവാടങ്ങളെയും തീര്‍ഥാടകര്‍ പുറത്തിറങ്ങുന്ന കവാടങ്ങളെയും വികസന പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളെയും വേര്‍തിരിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും എന്‍ജിനീയര്‍ അദ്‌നാന്‍ അല്‍സഖാഫ് പറഞ്ഞു.

Share this story