ബന്ധുവിന്റെ വിവാഹ സമ്മാനം ‘കുരുക്കായി’; മധുവിധു ആഘോഷിക്കാന്‍ ഖത്തറിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ജയിലില്‍

Share with your friends

ദോഹ: വൈകിയെത്തിയ വിവാഹ സമ്മാനം നവദമ്പതികളെ എത്തിച്ചത് ഖത്തറിലെ ജയിലില്‍. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബ എന്ന യുവതിക്ക് ഉറ്റബന്ധു ഒരു വിവാഹ സമ്മാനം വാഗ്ദാനം ചെയ്തത്. മുംബൈ സ്വദേശികളായ ഒനിബയ്ക്കും ഭര്‍ത്താവിനും ഖത്തറില്‍ ഒരു മധുവിധു ആഘോഷം. ചെലവ് മുഴുവന്‍ ബന്ധു വഹിക്കാമെന്നും പറഞ്ഞു.

വൈകിയെത്തിയ വിവാഹസമ്മാനമാണെങ്കിലും ഗര്‍ഭകാലം ഖത്തറില്‍ ആഘോഷിക്കാന്‍ ഒനിബയും ഭര്‍ത്താവ് ഷരീഖും തയ്യാറായി. 2019 ജൂലൈ ആറിനാണ് ഇവര്‍ മുംബൈയില്‍ നിന്ന് ഖത്തറിലേക്ക് പറന്നത്. എന്നാല്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി നിമിഷങ്ങള്‍ക്കകം ഒനിബയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലായി. പിന്നീട് ഇവരെ ജയിലിലേക്ക് മാറ്റി. ഇവരുടെ ലഗേജില്‍ നിന്ന് നാല് കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.
മയക്കുമരുന്ന് കടത്തിന് ഇരുവര്‍ക്കും 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്തര്‍ കോടതി വിധിച്ചു.

അതേസമയം ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്തംബറില്‍ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരപരാധികളാണെന്ന് തെളിഞ്ഞതോടെ ഖത്തറിലുള്ള ദമ്പതികളെ ജയില്‍ മോചിതരാക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ എന്‍സിബി ഖത്തറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഒനിബ ഖത്തറില്‍ തന്‍റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് ഒനിബയുടെ അമ്മ നിരവധി കത്തുകള്‍ അയച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ മകളുടെയും ഭര്‍ത്താവിന്റെയും ജയില്‍മോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കുടുബം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-