റിയാദ്-ജിദ്ദ റെയിൽ പദ്ധതി; ചെലവ് 5,000 കോടി റിയാൽ

റിയാദ്-ജിദ്ദ റെയിൽ പദ്ധതി; ചെലവ് 5,000 കോടി റിയാൽ

റിയാദ്: കിഴക്കൻ സൗദി അറേബ്യയെ റിയാദ് വഴി ജിദ്ദയുമായി ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിക്ക് 5,000 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നതെന്ന് പൊതുഗതാഗത അതോറിറ്റി ചെയർമാൻ റുമൈഹ് അൽറുമൈഹ് പറഞ്ഞു. ജിദ്ദ, യാമ്പു അടക്കമുള്ള ചെങ്കടൽ തുറമുഖങ്ങളെയും റാബിഗ് ഇക്കണോമിക് സിറ്റിയെയും റിയാദ് വഴി കിഴക്കൻ സൗദിയിൽ അറേബ്യൻ ഉൾക്കടൽ തീരത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് ചൈനീസ് ഗവൺമെന്റ് കമ്പനിയുമായി സഹകരിക്കും.

കൊറോണ വ്യാപനംമൂലം സർവീസ് നിർത്തിവെച്ച ഹറമൈൻ റെയിൽവെയിൽ പൂർണ ശേഷിയിൽ വൈകാതെ സർവീസുകൾ പുനരാരംഭിക്കും. ഈ വർഷാവസാനത്തിനു മുമ്പോ അടുത്ത വർഷം ആദ്യത്തെ രണ്ടു മാസത്തിനുള്ളിലോ ഹറമൈൻ റെയിൽവെയിൽ പൂർണ ശേഷിയിൽ സർവീസുകൾ പുനാരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയാദ്-ദമാം റൂട്ടിൽ സർവീസ് നടത്തുന്ന സൗദി അറേബ്യൻ റെയിൽവെയ്‌സ് ഓർഗനൈസേഷനെയും റിയാദ്-ഉത്തര സൗദി റൂട്ടിൽ സർവീസ് നടത്തുന്ന സൗദി റെയിൽവെ കമ്പനിയെയും പരസ്പരം ലയിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഈ വർഷാവസാനമോ അടുത്ത കൊല്ലം ആദ്യ പാദത്തിലോ ലയനം പൂർത്തിയാകും. കാര്യക്ഷമത ഉയർത്തുന്നതിനും പ്രവർത്തന ചെലവ് കുറക്കുന്നതിനും സൗദി അറേബ്യൻ റെയിൽവെയ്‌സ് ഓർഗനൈസേഷനു കീഴിലെ പദ്ധതികളും ജീവനക്കാരെയും സൗദി റെയിൽവെ കമ്പനിയിലേക്ക് മാറ്റുകയാണ് ലയനത്തിലൂടെ ചെയ്യുക.

ടാക്‌സികൾ, ബസ് സർവീസുകൾ, ഓൺലൈൻ ടാക്‌സികൾ, റെയിൽവെ അടക്കമുള്ള ഗതാഗത മേഖലയെ ആണ് ലോക്ഡൗണും കർഫ്യൂവും ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത്. ഈ മേഖലക്ക് പിന്തുണ നൽകുന്നതിന് പൊതുഗതാഗത അതോറിറ്റി എട്ടു പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ടാക്‌സി, ഓൺലൈൻ ടാക്‌സി, സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾക്ക് പ്രഖ്യാപിച്ച ധനസഹായ പദ്ധതിയുടെ പ്രയോജനം ഇതിനകം 7000 ലേറെ പേർക്ക് ലഭിച്ചു. സൗദിയിൽ ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കുന്ന 20 ലക്ഷത്തിലേറെ ലോറികളും ട്രക്കുകളും നിരീക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അതോറിറ്റി വിപുലമാക്കിയിട്ടുണ്ടെന്നും റുമൈഹ് അൽറുമൈഹ് പറഞ്ഞു.

Share this story