ഇഖാമയില്ലാത്തവരെ സഹായിച്ചാൽ രണ്ടു വർഷം ജയിൽ ശിക്ഷ

ഇഖാമയില്ലാത്തവരെ സഹായിച്ചാൽ രണ്ടു വർഷം ജയിൽ ശിക്ഷ

റിയാദ്: ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഏതെങ്കിലും രീതിയിൽ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണൽ ത്വലാൽ അൽശൽഹൂബ് പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർ അടക്കമുള്ള ഇഖാമ നിയമ ലംഘകരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഇത്തരക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും അടക്കം ഒരുവിധ സഹായങ്ങളും ചെയ്തുകൊടുക്കരുത്.
ഇഖാമ നിയമ ലംഘകരെ സഹായിക്കുന്ന വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തും.

നിയമ ലംഘകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ നിയമ നടപടിയിലൂടെ കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ നിയമ ലംഘകരുടെയും യാചകരുടെയും സാന്നിധ്യം രാജ്യത്ത് ഇല്ലാതാക്കുന്നതിൽ സൗദി പൗരന്മാർക്കും വിദേശികൾക്കും പ്രധാന പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

അസീർ പ്രവിശ്യയിലെ തന്നൂമയിൽ മലക്ക് തീയിട്ട നുഴഞ്ഞുകയറ്റക്കാരായ മൂന്നു എത്യോപ്യക്കാരെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇത്തരം നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകിയത്.

Share this story