ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി; മാക്രോണുമായി സംസാരിച്ചു

ഫ്രാന്‍സിലെ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശി; മാക്രോണുമായി സംസാരിച്ചു

അബുദാബി: ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണില്‍ സംസാരിച്ച ശൈഖ് മുഹമ്മദ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു.

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇത്തരം ആക്രമണങ്ങള്‍ സമാധാനവും സഹിഷ്ണുതയും സ്നേഹവും മനുഷ്യ ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങള്‍ക്ക് എതിരാണെന്ന് ശൈഖ് മുഹമ്മദ് ആവര്‍ത്തിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയും മോശമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവൃത്തികള്‍ തീവ്രവാദത്തെ വളര്‍ത്തുന്നതാണെന്നും ക്രിമിനല്‍ പ്രവൃത്തികള്‍, ആക്രമണം, തീവ്രവാദം എന്നിവയെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ നിരാകരിക്കുന്നെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

മുസ്ലിംങ്ങള്‍ക്കിടയിലെ പവിത്രതയാണ് പ്രവാചകന്‍ മുഹമ്മദ് നബി പ്രതിനിധീകരിക്കുന്നതെന്നും പക്ഷേ ഈ പ്രശ്നത്തെ ആക്രമണങ്ങളുമായും രാഷ്ട്രീയവല്‍ക്കരണവുമായും ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സും അറബ് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്‌കാരിക ബന്ധത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫ്രാന്‍സിലെ സാംസ്‌കാരിക വൈവിധ്യത്തെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

Share this story