മദീനാ എയർപോർട്ടിന് എ.സി.ഐ അംഗീകാരം

മദീനാ എയർപോർട്ടിന് എ.സി.ഐ അംഗീകാരം

മദീന: പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിന് അന്താരാഷ്ട്ര അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന് കീഴിലുള്ള എയർപോർട്ട്‌സ് ഹെൽത്ത് അക്രഡിറ്റേഷൻ (എ.എച്ച്.എ) പ്രോഗ്രാമിന്റെ അംഗീകാരമാണ് മദീന വിമാനത്താവളത്തിന് ലഭിച്ചത്. ശുചിത്വം, ആരോഗ്യം, സുരക്ഷാ നടപടികൾ എന്നിവയിൽ എയർപോർട്ട് പുലർത്തിയ മികച്ച നിലവാരമാണ് അംഗീകാരത്തിന് അർഹമാക്കിയത്.

വ്യവസായ ലക്ഷ്യങ്ങൾ മുൻനിർത്തി വിമാനത്താവളങ്ങളിലെ ആരോഗ്യ നടപടിക്രമങ്ങൾ തയാറാക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് എയർപോർട്ട്‌സ് ഹെൽത്ത് അക്രഡിറ്റേഷൻ. ഏറെ ജനത്തിരക്കുള്ള സ്ഥലമായിരുന്നിട്ട് കൂടി കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ എയർപോർട്ട് അധികൃതർ വിജയം നേടിയെന്ന് സമിതി അഭിപ്രായപ്പെട്ടു.

നേരത്തെ സ്‌കൈട്രാക്സ് കമ്പനി തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിലും മദീന എയർപോർട്ട് ഇടം പിടിച്ചിരുന്നു. സേവനങ്ങളിലുള്ള യാത്രക്കാരുടെ സംതൃപ്തിയുടെയും സേവന ഗുണമേന്മയുടെയും പ്രവർത്തന നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ പട്ടിക സ്‌കൈട്രാക്സ് തയാറാക്കിയത്.

ഈ നേട്ടം ഏറെ സന്തോഷം പകരുന്നുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനോടും മുഴുവൻ ജീവനക്കാരോടും നന്ദി അറിയിക്കുന്നതായി തൈ്വബ എയർപോർട്ട് ഓപറേഷൻ മാനേജിംഗ് ഡയറക്ടർ സുഫ്‌യാൻ അബ്ദുസ്സലാം പറഞ്ഞു.

Share this story