ചെങ്കടൽ പദ്ധതി: റെഡ് സീ കമ്പനി ഒപ്പുവെച്ചത് 750 കോടിയുടെ കരാറുകൾ

ചെങ്കടൽ പദ്ധതി: റെഡ് സീ കമ്പനി ഒപ്പുവെച്ചത് 750 കോടിയുടെ കരാറുകൾ

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി നടത്തിപ്പുകാരായ റെഡ് സീ കമ്പനി പ്രാദേശിക – അന്തർദേശീയ കമ്പനികളുമായി ഇതുവരെ 500 ലധികം കരാറുകൾ ഒപ്പുവെച്ചതായി അറിയിച്ചു. ഇവയിൽ 70 ശതമാനവും സൗദി അറേബ്യൻ കമ്പനികളാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് 24 കമ്പനികളുമായാണ് ധാരണയിലെത്തിയതെന്നും കമ്പനി വെളിപ്പെടുത്തി.

പദ്ധതികൾക്ക് ആകെ 750 കോടി റിയാൽ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. രാജ്യത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായി വിശേഷിപ്പിക്കാവുന്ന ചെങ്കടൽ പദ്ധതി പ്രദേശത്ത് ആഡംബര ഭവന നിർമാണം, ഡിസൈനിംഗ്, നടത്തിപ്പ് എന്നീ മേഖലകളിലാണ് റെഡ് സീ പ്രധാനമായും കരാറുകൾ ഒപ്പുവെച്ചിരിക്കുന്നത്. ഈ നേട്ടം പദ്ധതിയുടെ വ്യാപ്തിയും വ്യവസായ മേഖലയിൽ തങ്ങൾ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുമാണ് സൂചിപ്പിക്കുന്നതെന്നു റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. സൗദി ദേശീയ സാമ്പത്തിക വളർച്ചക്ക് സമഗ്രമായ സംഭാവന നൽകാൻ കമ്പനിക്ക് സാധിക്കുമെന്ന് തീർച്ചയാണ്. എണ്ണ വരുമാനത്തിൽനിന്ന് നിരാശ്രയത്വം കൈവരിക്കാനും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും ആസൂത്രണം ചെയ്ത വിഷൻ 2030 ന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് കമ്പനിയുടെ ഈ നേട്ടം സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടിരിക്കുന്ന കമ്പനി കൂടിയാണ് റെഡ് സീ. പദ്ധതി പ്രദേശത്ത് പുതിയ ഇന്റർനാഷനൽ എയർപോർട്ടിന്റെ പശ്ചാത്തല സൗകര്യങ്ങൾ, 80 കിലോമീറ്റർ റോഡ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള പ്രോജക്ട്, ശുറൈറ ദ്വീപുമായി ബന്ധിപ്പിക്കുന്ന നിരവധി കപ്പൽ തുറകൾ എന്നീ പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ വർഷാവസാനത്തോടെ 150 കോടി റിയാൽ ചെലവിൽ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തി പൂർത്തിയാകും.
100 ശതമാനം പുനരുപയോഗ ഊർജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഒരു യൂട്ടിലിറ്റി പാക്കേജ്, ഡീസലൈനേഷൻ, മാലിന്യ സംസ്‌കരണം എന്നിങ്ങനെ ഒപ്പുവെച്ച കരാറുകൾ വൈകാതെ പൂർത്തീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. റാബഗിൽ 10,000 തൊഴിലാളികൾക്ക് താമസിക്കാവുന്ന ലേബർ സിറ്റിയുടെ നിർമിതി അടക്കമുള്ള ഒട്ടേറെ സുപ്രധാന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ജോൺ പഗാനോ വ്യക്തമാക്കി.

Share this story