വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍

വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍

മസ്‌കറ്റ്: 2022 മുതല്‍ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്താന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. സര്‍ക്കാറിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2022 മുതല്‍ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും ആദായനികുതി ശേഖരിക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

ആദായനികുതിയില്‍ വരുന്ന വ്യക്തികളുടെ ശമ്പള പരിധി സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. പുതിയ തീരുമാനത്തോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരിക്കും ഒമാന്‍.

മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) 2021 ഏപ്രില്‍ മുതല്‍ രാജ്യത്ത് നടപ്പാക്കുമെന്ന് കാണിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍.

സുസ്ഥിര നിലവാരത്തിലുള്ള സാമ്പത്തിക സന്തുലനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് ഒമാന്‍ ഭരണകൂടം നടപ്പാക്കി വരുന്നത്. 2024-ഓടെ 12.1 ശതകോടി ഒമാനി റിയാലിന്റെ വരുമാനവും 12.6 ശതകോടി റിയാലിന്റെ ചെലവുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച, വരുമാന സ്രോതസുകള്‍, ചെലവ് ചുരുക്കല്‍, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കികൊണ്ടുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. എണ്ണ വിലയിലെ ഇടിവും കൊവിഡ് മഹാമാരി മൂലം ബജറ്റിലുണ്ടായ കമ്മിയും നികത്തുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

Share this story