ജിദ്ദയിൽ സീഫുഡ് റെസ്റ്റോറന്റുകളിൽ റെയ്ഡ്

ജിദ്ദയിൽ സീഫുഡ് റെസ്റ്റോറന്റുകളിൽ റെയ്ഡ്

ജിദ്ദ: ഉത്തര ജിദ്ദയിൽ ദഹ്ബാൻ ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന സീഫുഡ് റെസ്റ്റോറന്റുകളിലും ഇസ്തിറാഹകളിലും തുവലിലെ സെൻട്രൽ മത്സ്യമാർക്കറ്റിലും നഗരസഭയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും സഹകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.

ജിദ്ദയിൽ സീഫുഡ് റെസ്റ്റോറന്റുകളിൽ റെയ്ഡ്

റെയ്ഡുകൾക്കിടെ 13 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.
വിൽപനക്ക് പ്രദർശിപ്പിച്ച മത്സ്യം പരിശോധിക്കാനും മത്സ്യം കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മത്സ്യം നീക്കം ചെയ്യുന്ന വാഹനങ്ങളിലെ ശീതീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനകൾ നടത്തിയതെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽമുതൈരി പറഞ്ഞു.

ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാതിരിക്കൽ, ഹെൽത്ത് സർട്ടിഫിക്കറ്റ് പുതുക്കാതിരിക്കൽ, യൂനിഫോം വ്യവസ്ഥകൾ ലംഘിക്കൽ, തൊഴിലാളികൾ വ്യക്തിശുചിത്വം പാലിക്കാതിരിക്കൽ, ഇറച്ചിയും മത്സ്യവും റെഫ്രിജറേറ്ററുകളിൽ വെവ്വേറെ സൂക്ഷിക്കാതിരിക്കൽ, കേടായിത്തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിക്കൽ, അനാരോഗ്യകരമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യൽ, ഉപയോഗശൂന്യമായ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് പരിശോധനകൾക്കിടെ കണ്ടെത്തിയത്. ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും എൻജിനീയർ മുഹമ്മദ് അൽമുതൈരി പറഞ്ഞു.

Share this story